Asianet News MalayalamAsianet News Malayalam

സ്വര്‍ണക്കടത്ത് പാര്‍ലമെന്‍റിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ്; ചോദ്യോത്തരവേള ഒഴിവാക്കിയതിൽ പ്രതിഷേധം

കേരളത്തിലെ സ്വർണ്ണക്കടത്ത്, മന്ത്രി കെടി ജലീലിന്‍റെ പ്രോട്ടോക്കോൾ ലംഘനം എന്നിവയിൽ അടിയന്തരപ്രമേയ നോട്ടീസ് നല്കാനാണ് സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ തീരുമാനം. ബിജെപിയും ഇക്കാര്യം ഉന്നയിക്കാൻ തയ്യാറെടുക്കുകയാണ്

congress to raise gold smuggling case in Parliament
Author
Delhi, First Published Sep 13, 2020, 2:43 PM IST

ദില്ലി: നാളെ തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ കേരളത്തിലെ സ്വർണ്ണക്കടത്ത് വിഷയം ഉന്നയിക്കാൻ തീരുമാനിച്ച് കോൺഗ്രസ്.കേരളത്തിലെ സ്വർണ്ണക്കടത്ത്, മന്ത്രി കെടി ജലീലിന്‍റെ പ്രോട്ടോക്കോൾ ലംഘനം എന്നിവയിൽ അടിയന്തരപ്രമേയ നോട്ടീസ് നല്കാനാണ് സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ തീരുമാനം. ബിജെപിയും ഇക്കാര്യം ഉന്നയിക്കാൻ തയ്യാറെടുക്കുകയാണ്. 

അതിർത്തിയിലെ സംഘർഷം, സാമ്പത്തിക പ്രതിസന്ധി, കൊവിഡ് പ്രതിരോധം എന്നിവയിൽ വിശദ ചർച്ച വേണമെന്ന് സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേള ഒഴിവാക്കിയതിലെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തിയിലെ സംഘർഷത്തിൽ പാർലമെൻറിൽ ചർച്ച നടത്താനുള്ള തിരുമാനം സർക്കാർ മാറ്റിയേക്കും. ചൈനയുമായുള്ള തർക്കത്തിൽ ഒത്തുതീർപ്പിനുള്ള സാധ്യത തെളിയുമ്പോൾ ചർച്ച നടത്തി അന്തരീക്ഷം കലുഷിതമാക്കേണ്ടതില്ല എന്ന നിലപാടിലേക്ക് സർക്കാർ മാറുകയാണ്. 

പാർലമെൻറിൽ എല്ലാം പുതിയ രീതികളും പുതിയ കാഴ്ചകളും ആണ് ഇത്തവണ എന്നത് വളരെ ശ്രദ്ധേയമാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ദിവസവും നാലു മണിക്കൂർ വീതം ലോക്സഭയും രാജ്യസഭയും അടുത്ത 18 ദിവസം സമ്മേളിക്കും. രാജ്യസഭയിൽ കോൺഗ്രസിൻറെ 40 അംഗങ്ങളിൽ പത്തു പേർക്കെ ചേംബറിൽ ഇരിക്കാൻ അനുവാദം ഉള്ളു. ലോക്സഭയിലും മൂന്നിലൊന്നു പേർക്കേ ചേംബറിൽ ഇരിക്കാനാവൂ.ഈ സാഹചര്യത്തിൽ വിവിധ വിഷയങ്ങളിലെ പ്രതിഷേധം എങ്ങനെയെന്നാണ് പ്രതിപക്ഷത്തെ ആശങ്ക. നിരവധി ബില്ലുകൾ ആദ്യ ദിനം തന്നെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ രാജ്യസഭാ ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും

 

Follow Us:
Download App:
  • android
  • ios