ഉത്തര്‍പ്രദേശില്‍ മാറ്റം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് തീരുമാനമെന്നും വെറുപ്പിന്‍റെ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഇതാണ് യഥാർത്ഥ മാർഗമെന്നും ലക്നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  പ്രിയങ്ക ഗാന്ധി വ്യക്തമാക്കി

ദില്ലി: ഉത്തര്‍പ്രദേശിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് നാല്‍പത് ശതമാനം സീറ്റുകള്‍ വനിതകൾക്ക് വേണ്ടി മാറ്റി വയ്ക്കുമെന്ന് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ മാറ്റം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് തീരുമാനമെന്നും വെറുപ്പിന്‍റെ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഇതാണ് യഥാർത്ഥ മാർഗമെന്നും ലക്നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത്തവണ കോൺഗ്രസിന്റെ മുഖം പ്രിയങ്ക ഗാന്ധിയായിരിക്കുമെന്ന് മുതിര്‍ന്ന നേതാവ് പി എല്‍ പുനിയ എംപിയും പറഞ്ഞു. 

രാജ്യത്തേറ്റവും ജനസംഖ്യയും നിയമസഭാ സീറ്റുകളുമുള്ള യുപിയിലെ തെരഞ്ഞെടുപ്പ് ദേശീയരാഷ്ട്രീയത്തിൽ സവിശേഷ പ്രധാന്യമ‍ർഹിക്കുന്നതാണ്. 403 അംഗ യുപി നിയമസഭയിലേക്ക് അടുത്ത വര്‍ഷം ആദ്യമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ൽ മത്സരിച്ച 105 സീറ്റുകളില്‍ മത്സരിച്ച കോൺഗ്രസിന് ഏഴിടത്ത് മാത്രമാണ് ജയിക്കാനായത്. 312 സീറ്റ് എന്ന മൃ​ഗീയ ഭൂരിപക്ഷം നേടി ബിജെപി അധികാരം പിടിച്ചപ്പോൾ ബിഎസ്പി 61 സീറ്റിലും എസ് പി 19 സീറ്റിലുമായി ഒതുങ്ങി. 

അഞ്ച് വ‍ർഷങ്ങൾക്കിപ്പുറം യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ രാഷ്ട്രീയം ഏറെ വ്യത്യസ്തമാണ്. ഏറെ നാളായ തർക്കഭൂമിയായിരുന്ന അയോധ്യയിൽ സുപ്രീംകോടതി വിധിയെ തുടർന്ന് രാമക്ഷേത്ര നി‍ർമ്മാണം ആരംഭിച്ച് കഴിഞ്ഞു. കൊവിഡ് ഒന്ന്, രണ്ട് തരം​ഗങ്ങൾ ഉത്ത‍ർപ്രദേശിനെ ​ഗുരുതരമായി ബാധിച്ചെങ്കിലും നിലവിൽ സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അവകാശപ്പെടുന്നത്. എന്നാൽ ലഖിംപൂർ അടക്കമുള്ള വിഷയങ്ങലിൽ കോൺഗ്രസി്നറെയും പ്രിയങ്കയുടേയും നീക്കങ്ങൾ അൽപ്പമെങ്കിലും പ്രതീക്ഷ നൽകുന്നതായാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി കേന്ദ്ര മന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം യോഗി സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ ശ്രമം.