ജെഡിയു, എല്‍ജെഡി ലയന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ചിറ്റൂരിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെപ്പറ്റി മന്ത്രി കെ. കൃഷ്ണന്‍കുട്ടി മനസസ്സു തുറന്നത്

പാലക്കാട്: ചിറ്റൂരില്‍ ഇക്കുറി പോര് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും മുന്‍ എംഎല്‍എ കെ അച്യുതന്‍റെ മകൻ സുമേഷ് അച്യുതനും തമ്മിലെന്നു സൂചന. അ‍ഞ്ചുവര്‍ഷത്തെ വികസനം മുന്‍ നിര്‍ത്തി ചിറ്റൂരില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ മത്സരിക്കുമെന്ന് സുമേഷ് അച്യുതനും വ്യക്തമാക്കി.

ജെഡിയു, എല്‍ജെഡി ലയന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ചിറ്റൂരിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെപ്പറ്റി മന്ത്രി കെ. കൃഷ്ണന്‍കുട്ടി മനസസ്സു തുറന്നത്. അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കിയ വികസന പദ്ധതികളാണ് തെരഞ്ഞെടുപ്പിലേക്കുള്ള മൂലധനം. ചിറ്റൂര്‍ മേഖലയിലെ കുടിവെള്ള പ്രശ്നത്തിനും കാര്‍ഷികാവശ്യത്തിനുള്ള ജല പ്രതിസന്ധിക്കും പരിഹാരം കാണാനായതാണ് പ്രധാന നേട്ടം.

കോണ്‍ഗ്രസിന്‍റെ കുത്തകയായിരുന്ന ചിറ്റൂര്‍-തത്തമംഗലം നഗരസഭ പിടിച്ചതും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നു. കോണ്‍ഗ്രസാവട്ടെ മുന്‍ എംഎല്‍എ കെ അച്യുതന്‍റെ മകന്‍ സുമേഷ് അച്യുതനെ പരീക്ഷിക്കാനുള്ള ആലോചനയിലാണ്. നെന്മാറ സീറ്റ് ഘടക കക്ഷികള്‍ക്ക് പോയാല്‍ ചിറ്റൂര്‍ സീറ്റിന് അവകാശ വാദവുമായി മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കെഎ ചന്ദ്രന്‍റെ മകന്‍ കെസി പ്രീതും രംഗത്തുണ്ട്. നിലവില്‍ ചിറ്റൂര്‍ തത്തമംഗലം നഗരസഭാ കൗണ്‍സിലറാണ് പ്രീത്.