Asianet News MalayalamAsianet News Malayalam

സാമ്പത്തിക സംവരണം സ്വാഗതം ചെയ്ത് കോൺഗ്രസ്, ഇടതുമുന്നണിക്ക് തിരിച്ചടിയാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

സാമ്പത്തിക സംവരണ വിഷയത്തിൽ കോൺഗ്രസ് നിലപാട് ലീഗിനെ ബോധ്യപ്പെടുത്താൻ യോഗം തീരുമാനിച്ചു. സംവരണത്തിൽ കോൺഗ്രസിന്റേത് പ്രഖ്യാപിത നിലപാട് തന്നെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു

Congress welcomes Economic reservation Mullappally Ramachandran attacks LDF
Author
Thiruvananthapuram, First Published Oct 28, 2020, 7:26 PM IST

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി. സാമ്പത്തിക സംവരണം കോൺഗ്രസിന്റെ ദേശീയ നിലപാടാണെന്നും അതേസമയം മുന്നോക്ക വിഭാഗത്തിന്റെയും പിന്നോക്ക വിഭാഗത്തിന്റെയും ആശങ്കകൾ പരിഹരിക്കണമെന്നും രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യാൻ അടുത്ത മാസം ഏഴിന് പൂർണ ദിവസ രാഷ്ട്രീയ കാര്യ സമിതി യോഗം ചേരും. ഇന്ന് ഓൺലൈനായാണ് യോഗം ചേർന്നത്. പിസി ജോർജിനെയും പിസി തോമസിനെയും രാഷ്ട്രീയ പാർട്ടികളായി മുന്നണിയിലേക്ക് എടുക്കേണ്ടെന്ന് യോഗത്തിൽ  നേതാക്കൾ അഭിപ്രായപ്പെട്ടു. ഇരുവരും ഏതെങ്കിലും പാർട്ടിയിൽ ലയിക്കട്ടെയെന്നും അവർ വ്യക്തമാക്കി.

സാമ്പത്തിക സംവരണ വിഷയത്തിൽ കോൺഗ്രസ് നിലപാട് ലീഗിനെ ബോധ്യപ്പെടുത്താൻ യോഗം തീരുമാനിച്ചു. സംവരണത്തിൽ കോൺഗ്രസിന്റേത് പ്രഖ്യാപിത നിലപാട് തന്നെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംവരണത്തിന്റെറെ പേരിൽ സാമുദായിക ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നു. ശബരിമല വിഷയത്തിൽ കിട്ടിയ തിരിച്ചടി സാമ്പത്തിക സംവരണ വിഷയത്തിലും ഇടതുമുന്നണിക്ക് കിട്ടും. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സംസ്ഥാന സർക്കാർ സാമ്പത്തിക സംവരണം തിരക്കിട്ട് നടപ്പാക്കിയത് സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണ്. മുന്നോക്ക സംവരണം നടപ്പാക്കാൻ ധൃതി കാണിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും മുല്ലപ്പള്ളി വിമർശിച്ചു.

യോഗത്തിൽ കെ മുരളീധരനെതിരെ പരോക്ഷ വിമർശനം ഉയർന്നു. മുതിർന്ന നേതാക്കൾ പലപ്പോഴും സംയമനം പാലിക്കുന്നില്ലെന്ന് യോഗത്തിൽ ചില നേതാക്കൾ വിമർശനം ഉന്നയിച്ചു. സാധാരണ പ്രവർത്തകർ അച്ചടക്കം പാലിക്കുമ്പോഴും മുതിർന്ന നേതാക്കൾ പലപ്പോഴും നിലവിട്ടു പ്രവർത്തിക്കുന്നു. ഇത് ഒഴിവാക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. 

Follow Us:
Download App:
  • android
  • ios