'ചോര കൊടുത്തും 23ന് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തും'; കെ സുധാകരൻ
ഒന്നുകിൽ റാലി നടക്കും ഇല്ലെങ്കിൽ പൊലീസും കോൺഗ്രസ്സും തമ്മിൽ യുദ്ധമുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു. അനുമതി നിഷേധിച്ചത് സിപിഎം ആണ്. ചോര കൊടുത്തും 23ന് റാലി നടത്തുമെന്നും സുധാകരൻ പറഞ്ഞു.

കോഴിക്കോട്: അനുമതി തന്നാലും ഇല്ലെങ്കിലും കോൺഗ്രസ്സിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ഒന്നുകിൽ റാലി നടക്കും ഇല്ലെങ്കിൽ പൊലീസും കോൺഗ്രസ്സും തമ്മിൽ യുദ്ധമുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു. അനുമതി നിഷേധിച്ചത് സിപിഎം ആണ്. ചോര കൊടുത്തും 23ന് റാലി നടത്തുമെന്നും സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യറാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചിട്ടുള്ളത്.
എന്തിനാണ് നവകേരള സദസ്സ്?. സർക്കാരിന് നാണവും മാനവും ഉണ്ടോ?. തരൂരടക്കം എല്ലാ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തരൂരിൻ്റെ ലീഗ് റാലിയിലെ പ്രസംഗത്തിലെ ഒറ്റ വാക്കിൽ തൂങ്ങുന്നത് ബുദ്ധിശൂന്യതയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം, പലസ്തീൻ വിഷയത്തിൽ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ തിരുവനന്തപുരത്ത് പ്രതികരിച്ചു. പലസ്തീൻ വിഷയത്തിൽ കോൺഗ്രസ് നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്. ഇത് പലസ്തീനെ ചൊല്ലി തർക്കത്തിനുള്ള സമയമല്ലെന്നും കെപിസിസിയുടെ ജവഹർലാൽ നെഹ്റു അനുസ്മരണ പരിപാടിയിൽ തരൂർ വ്യക്തമാക്കി.
ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്നില്ലായിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ തകർന്നത് പോലെ ഇന്ത്യ തകരുമായിരുന്നുവെന്ന് മുതിർന്ന നേതാവ് എകെ ആന്റണി പറഞ്ഞു. ആരുടേയെങ്കിലും റാലിയിൽ പങ്കെടുക്കാൻ അപേക്ഷയുമായി നിൽക്കേണ്ട സാഹചര്യം കോൺഗ്രസിനില്ലെന്ന് പറഞ്ഞ അദ്ദേഹം, പരമാധികാരമുള്ള പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യമെന്നും വ്യക്തമാക്കി.
https://www.youtube.com/watch?v=Ko18SgceYX8