തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ മുക്കം നഗരസഭയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം എടുത്ത തീരുമാനത്തെ ചേന്ദമംഗലൂരിലെ ബൂത്ത് കമ്മറ്റികള്‍ ചോദ്യം ചെയ്തിരുന്നു. തീരുമാനം നടപ്പാക്കാഞ്ഞ പ്രവര്‍ത്തകരെ നേതൃത്വം പുറത്താക്കി. 

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുക്കത്ത് കോണ്‍ഗ്രസ് -വെല്‍ഫയര്‍ ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ മുക്കം നഗരസഭയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം എടുത്ത തീരുമാനത്തെ ചേന്ദമംഗലൂരിലെ ബൂത്ത് കമ്മറ്റികള്‍ ചോദ്യം ചെയ്തിരുന്നു. തീരുമാനം നടപ്പാക്കാഞ്ഞ പ്രവര്‍ത്തകരെ നേതൃത്വം പുറത്താക്കി. വെല്‍ഫെയര്‍ ബന്ധത്തെ എതിര്‍ത്ത പ്രാദേശിക നേതാക്കള്‍ ബൂത്ത് കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്തു. എന്നാല്‍ പിന്നീട് നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ ജയിച്ച് വന്ന മണ്ഡലം ഭാരവാഹികളെ ഡിസിസി നേതൃത്വം അംഗീകരിക്കുന്നില്ലെന്നാണ് മുഖത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. പുറത്താക്കിയവരെ തിരിച്ചെടുത്തിട്ടുമില്ല. ഇതില്‍ പ്രതിഷേധിച്ചാണ് അമ്പതോളം പ്രവര്‍ത്തകര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

മുക്കത്ത് യുഡിഎഫ് വെല്‍ഫെയര്‍ ബന്ധം തുടരുന്നതായും ഇവര്‍ ആരോപിച്ചു. തിരുവമ്പാടി നിയോജക മണ്ഡലത്തിന്‍റെ ഭാഗമാണ് മുക്കം നഗരസഭ. കടുത്ത പോരാട്ടം നടക്കുന്ന തിരുവമ്പാടിയില്‍ കോണ്‍ഗ്രസിലെ ചോരിപ്പോര് യുഡിഎഫിന് തലവേദനയാവുകയാണ്.