Asianet News MalayalamAsianet News Malayalam

ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന, പ്രചരിച്ചത് വ്യാജവാർത്തകൾ: നിയമപോരാട്ടത്തിലേക്കെന്നും ആർഷോ

തന്നെയും എസ്‌എഫ്ഐയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. എസ്എഫ്ഐയെ ഇല്ലാതാക്കാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു

Conspiracy behind mark list row says SFi leader PM Arsho kgn
Author
First Published Jun 7, 2023, 3:09 PM IST

കൊച്ചി: മഹാരാജാസ് കോളേജിൽ എഴുതാത്ത പരീക്ഷ താൻ ജയിച്ചെന്ന് വരുത്തിത്തീർക്കാൻ ഗൂഢാലോചന നടന്നെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. 2020 അഡ്മിഷനിൽ ഉള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചുവെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ പലവട്ടം വാക്കു മാറ്റി മാറ്റി പറയുന്നുവെന്നും ആർഷോ പറഞ്ഞു. മാധ്യമങ്ങളും തനിക്കെതിരെ വ്യാജവാർത്ത നൽകാൻ തയ്യാറായി. തനിക്കെതിരെ വ്യാജ വാർത്ത നൽകി വിദ്യാർത്ഥി പ്രസ്ഥാനത്തെ ഇല്ലാതാക്കി കളയാം എന്നാണ് കരുതിയതെന്നും അദ്ദേഹം വിമർശിച്ചു. തന്നെയും എസ്‌എഫ്ഐയെയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. എസ്എഫ്ഐയെ ഇല്ലാതാക്കാമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

താൻ പരീക്ഷാ ഫീസ് അടച്ചുവെന്ന തെറ്റായ പ്രചാരണം പ്രിൻസിപ്പൽ ഇന്നും നടത്തി. ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണം വേണം. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ വീഴ്ചകൾ പരിശോധിക്കണം. ഈ ആവശ്യം ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനടക്കം പരാതി നൽകും. അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിൽ എസ്എഫ്ഐ സമര രംഗത്തേക്ക് വന്നതോടെയാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നതെന്നും അദ്ദേഹം വിമർശിച്ചു.

പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ വീണ്ടും തിരുത്തുമായി മഹാരാജാസ് കോളേജ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ ആർഷോ മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ടെത്തി തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും പ്രതികരിച്ചത്. പിഎം ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് മഹാരാജാസ് കോളജ് അവസാനം വരുത്തിയിരിക്കുന്ന തിരുത്ത്. ആർഷോ നാലാം സെമസ്റ്ററിലാണ് റീ അഡ്മിഷൻ നേടിയതെന്നായിരുന്നു ആദ്യത്തെ തിരുത്ത്. നേരത്തെ മാധ്യമങ്ങള്‍ക്ക് നൽകിയ രേഖയിൽ ആശയക്കുഴപ്പമുണ്ട്. പരീക്ഷക്ക് അപേക്ഷിച്ചവരുടെ പട്ടികയിലും ആർഷോയുടെ പേരുണ്ട്, പരീക്ഷാ ഫീസ് അടയ്ക്കാത്തവരുടെ പട്ടികയിലും ആർഷോയുടെ പേരുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios