നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് (Dileep) നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. അന്വേഷണത്തിലെ പാളിച്ചകൾ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നും ദിലീപ് കോടതിയിൽ വാദിച്ചു. എന്നാൽ ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്ന വാദം പ്രോസിക്യൂഷൻ തള്ളി. തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സാവകാശം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിയ്ക്ക് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കൈവശമുള്ള ദൃശ്യങ്ങൾ ഡിജിറ്റലി ലോക്ക് ചെയ്തതാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
തുടരന്വേഷണം പൂർത്തിയാക്കാൻ 3 മാസം കൂടി വേണമെന്ന് പ്രോസിക്യൂഷൻ, അനുവദിക്കരുതെന്ന് ദിലീപ്
കോടതിയിൽ ഇന്ന് നടന്നത്
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടു. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. അതേസമയം, തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് കോടതിയോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകൾ ഇല്ലാതാക്കാനാണ് ഇപ്പോൾ തുടരന്വേഷണം. എന്നാല്‍, തുടരന്വേഷണതിന്റെ മറവിൽ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും ദിലീപ് ആരോപിച്ചു.
തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്. കൂടാതെ ഫോറൻസിക് പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന കാര്യവും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. സത്യം പുറത്തു വരാനായി തുടരന്വേഷണം അനിവാര്യമാണെന്ന് ഹർജിയിൽ കക്ഷി ചേർന്ന നടിയും കോടതിയെ അറിയിച്ചിരുന്നു.
'ഒരു സാക്ഷിയുടെ മൊഴി ഇത്ര അന്വേഷിക്കാനെന്താ?', ഹൈക്കോടതി, 'തുടരന്വേഷണം തടയരുത്', നടി
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മാർച്ച് ഒന്നിനകം പൂർത്തിയാക്കിയേ തീരൂവെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ കേസിൽ മാത്രം എന്താണിത്ര പ്രത്യേകത എന്നും, ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണിത്ര അന്വേഷിക്കാനെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. രണ്ട് മാസം അന്വേഷണത്തിനായി നൽകിയില്ലേ എന്നും ഈ ഒരു വിഷയത്തിൽ മാത്രം അന്വേഷണം കേന്ദ്രീകരിക്കണമെന്നും ഇനി സമയം നീട്ടി നൽകാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ മാർച്ച് 1-നകം അന്വേഷണം പൂർത്തിയാക്കുന്നതിന് തടസ്സമുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതിക്ക് തനിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് പറയാനാകില്ലെന്ന് ആക്രമിക്കപ്പെട്ട നടിയും വാദിച്ചു. നേരത്തേയും കേസിൽ തുടരന്വേഷണം മാർച്ച് 1-ന് പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
എന്നാൽ അത് പ്രയാസമായിരിക്കുമെന്നും ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഈ ഒരു വിഷയത്തിൽ മാത്രം അന്വേഷണം കേന്ദ്രീകരിക്കണം, അങ്ങനെ അന്വേഷണം പൂർത്തിയാക്കണം - കോടതി വ്യക്തമാക്കി. എന്നാൽ ഇത് വരെ നാൽപ്പത് പേരുടെ മൊഴി എടുത്തുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കേസിലെ തുടരന്വേഷണം തടയരുത് എന്ന് ഹൈക്കോടതിയിൽ നടി ആവശ്യപ്പെട്ടു. കേസിൽ വെളിപ്പെടുത്തൽ നടത്തിയത് പ്രതിയുടെ അടുത്ത സുഹൃത്താണ്. ബാംഗ്ലൂരിൽ നിൽക്കുമ്പോഴാണ് താനീ വെളിപ്പെടുത്തൽ ടിവിയിലൂടെ കണ്ടത്. കുറ്റപത്രം നൽകിയാലും തുടരന്വേഷണം നടത്താൻ പൊലീസിന് അധികാരം ഉണ്ട്. ഇരയെന്ന നിലയിൽ കേസിലെ എല്ലാ പ്രതികളെയും വെളിച്ചത്ത് കൊണ്ടുവരണം എന്ന് തനിക്ക് താത്പര്യമുണ്ട്. പ്രതിക്ക് സ്വയം തനിക്കെതിരെ തുടരന്വേഷണം വേണ്ട എന്ന് പറയാനാകില്ലെന്നും നടി വാദിച്ചു.
തുടരന്വേഷണത്തിന് തടസ്സം നിൽക്കുന്നതെന്തിനെന്ന് ദിലീപിനോട് കോടതി: ഹർജിയിൽ കക്ഷി ചേർന്ന് നടി
