മകൾ ക്രൂരപീഡനം നേരിട്ടിരുന്നുവെന്ന് ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശി അതുല്യയുടെ അമ്മ തുളസീഭായ്.
കൊല്ലം: മകൾ ക്രൂരപീഡനം നേരിട്ടിരുന്നുവെന്ന് ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശി അതുല്യയുടെ അമ്മ തുളസീഭായ്. മകളെ ഉപദ്രവിച്ച ശേഷം മാപ്പ് പറഞ്ഞ് വീണ്ടും കൂടെ നിർത്തും. മകളെ സ്ഥിരമായി സതീഷ് ഉപദ്രവിക്കും. പലവട്ടം മകളോട് തിരിച്ചുവരാൻ പറഞ്ഞതാണെന്നും തുളസീഭായ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മകളെ ഓർത്താണ് അതുല്യ എല്ലാം സഹിച്ചത്. ഏഷ്യാനെറ്റ് ന്യൂസിവോട് തത്സമയം പ്രതികരിക്കുകയായിരുന്നു അമ്മ തുളസീഭായ്. മകളുടെ ഭര്‍ത്താവ് സതീഷ് മനുഷ്യമൃഗമാണെന്നാണ് അച്ഛൻ രാജശേഖരൻ പിളള പ്രതികരിച്ചത്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അച്ഛന്‍ പറഞ്ഞു.
‘എല്ലാ ദിവസവും വീഡിയോ കോള്‍ വിളിക്കുമായിരുന്നുവെന്നും ഉപദ്രവിച്ചതിന്‍റെ പാടുകളൊക്കെ എന്നെ കാണിക്കും. നീയെന്തിനാണ് സഹിച്ച് കിടക്കുന്നത്, ഇങ്ങോട്ട് വാ എന്ന് ഞാൻ പറയും. രണ്ട് ദിവസം കഴിയുമ്പോ അവന്‍ എന്‍റ കുഞ്ഞിനെ ബ്രെയിൻ വാഷ് ചെയ്ത് മാപ്പ് പറഞ്ഞ് കാലിൽ കെട്ടിപ്പിടിച്ച് കരയും. എന്നെ ഇട്ടിട്ട് പോകല്ലേ എന്നൊക്കെ പറയും. അങ്ങനെയാ ഇത്രയും നാളും. പിന്നെ രണ്ട് ദിവസം കഴിയുമ്പോ വീണ്ടും ഉപദ്രവിക്കും. അവൻ നന്നായി മദ്യപിക്കും. കുഞ്ഞിന് വേണ്ടിയാണ് അവള് സഹിച്ച് നിന്നത്. അവൻ ഉപദ്രവിച്ച് കൊല്ലും നീയിങ്ങോട്ട് വാ എന്ന് എപ്പോഴും ഞാൻ പറയും.’ അതുല്യയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മകളൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അമ്മ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. 'അവൻ ജോലിക്ക് പോകുമ്പോൾ അവളെ അകത്തിട്ട് പൂട്ടി താക്കോലുമായാണ് പോകാറുള്ളത്. സംശയരോഗവുമുണ്ടായിരുന്നു. കുഞ്ഞിനോട് സ്നേഹമുണ്ടെങ്കിൽ ഒരിക്കലെങ്കിലും അതിനെ ഒന്ന് വിളിക്കുകയോ ഒക്കെ ചെയ്യില്ലേ? അങ്ങനെയില്ല. കുഞ്ഞിന് അച്ഛനോട് സ്നേഹമുണ്ട്. പക്ഷേ അമ്മയെ ഉപദ്രവിക്കുന്നത് കാണുമ്പോള്‍ മോള്‍ക്ക് പേടിയാണ്. ബന്ധമൊഴിവായി പോയാൽ അവളെ കൊന്നുകളയുമെന്നൊക്കെ അവൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതുല്യയുടെ അമ്മയുടെ വാക്കുകളിങ്ങനെ. അതുല്യ മരിച്ച വിവരം മകളെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും തുളസീഭായ് പറഞ്ഞു.



