Asianet News MalayalamAsianet News Malayalam

മണ്ണുത്തി ഇടപ്പള്ളി റോഡ് നിർമ്മാണം: താൽപര്യമറിയിച്ച് മൂന്ന് കമ്പനികൾ, പ്രശ്നം പഠിക്കാൻ സാങ്കേതിക സമിതി

കമ്പനികളുടെ സാങ്കേതിക ശേഷി പരിശോധിച്ച ശേഷം ദേശീയ പാത അതോറിറ്റി ഫിനാൻഷ്യൽ ബിഡിലേക്ക് കടക്കും

Construction of Mannutthi Edappally Road: Three companies expressed interest
Author
First Published Aug 23, 2022, 6:40 AM IST

കൊച്ചി : മണ്ണൂത്തി -ഇടപ്പള്ളി ദേശീയ പാതയിൽ അറ്റകുറ്റപണികളും മുടങ്ങി കിടന്ന നിർമാണങ്ങളും പൂർത്തിയാക്കാനുള്ള പുതിയ ടെൻഡർ തുറന്നു. മൂന്ന് കമ്പനികളാണ് ടെൻഡറിൽ താത്പര്യം അറിയിച്ചത്. നിലവിലെ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് വീഴ്ച വരുത്തിയതോടെയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ടെൻഡർ ക്ഷണിച്ചത്.

 

കുഴിയേത് വഴിയേത് എന്നറിയാൻ കഴിയാത്ത മണ്ണൂത്തി -ഇടപള്ളി ദേശീയ പാതയിൽ ദേശീയ പാത അതോറിറ്റിയുടെ ഒടുവിലത്തെ ശ്രമമാണ് പുതിയ ടെൻഡർ.ദേശീയ പാതയിൽ ചാലക്കുടി അണ്ടർ പാസും ,24കിലോമീറ്റർ ടാറിംഗും കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് പൂർത്തിയാക്കിയിട്ടില്ല.ചാലക്കുടി മുതൽ ആലുവ വരെ കുഴികൾ നിറഞ്ഞ പാതയിൽ അറ്റകുറ്റപ്പണികളിലും വീഴ്ചയുണ്ടായി. ജി ഐ പി എല്ലിന് നോട്ടീസ് നൽകിയെങ്കിലും നടപടിയുണ്ടായില്ല.

മുടങ്ങിയ നിർമാണങ്ങൾ പൂർത്തിയാക്കാൻ ജൂലൈ 21നാണ് പുതിയ ടെൻഡർ വിളിച്ചത്. ഇപ്പോൾ ടെൻഡർ തുറന്നപ്പോൾ മൂന്ന് കമ്പനികളാണ് താത്പര്യം അറിയിച്ചിട്ടുള്ളത്.കമ്പനികളുടെ സാങ്കേതിക ശേഷി പരിശോധിച്ച ശേഷം ദേശീയ പാത അതോറിറ്റി ഫിനാൻഷ്യൽ ബിഡിലേക്ക് കടക്കും.സെപ്റ്റംബറോടെ പുതിയ കമ്പനിക്ക് കരാർ കൈമാറും. നിർമ്മാണ ചെലവിന്‍റെ ഇരുപത്തിയഞ്ച് ശതമാനം പിഴയായി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ഈടാക്കും.പരാതികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ചാലക്കുടി അങ്കമാലി സ്ട്രെച്ചിൽ കുഴിയടച്ചിട്ടും പല ഇടത്തും റോഡ് വീണ്ടും പൊളിയുകയാണ്.ഈ സ്ട്രെച്ചിൽ മാത്രം എന്താണ് സംഭവിക്കുന്നത് പഠിക്കാൻ ഐ ഐ ടി സംഘവും വരും ദിവസങ്ങളിൽ പരിശോധന തുടങ്ങും.

ചെളിയും മണ്ണും മാറ്റാതെ കുഴിയടപ്പ് ! പിഡബ്ള്യൂഡി റോഡിൽ വിജിലൻസ് മിന്നൽ പരിശോധന, ഞെട്ടിക്കുന്ന കണ്ടെത്തൽ

ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയ പിഡബ്ള്യൂഡി റോഡുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ നിർണായക കണ്ടെത്തലുകൾ. ചെളിയും മണ്ണും മാറ്റാതെയാണ് പൊതുമരാമത്ത് വകുപ്പിൻറെ റോഡുകളിലെ കുഴിയടക്കലുകൾ നടക്കുന്നതെന്നാണ് വിജിലൻസിൻറെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയ പിഡബ്ള്യൂഡി റോഡുകളിൽ ഓപ്പറേഷൻ സരൾ റാസ്ത എന്ന പേരിലായിരുന്ന വിജിലൻസ് പരിശോധന

റോഡുകളിലെ കുണ്ടും കുഴിയും രാഷ്ട്രീയ വിവാദമായി നിൽക്കുമ്പോഴാണ് പരിശോധനക്കായി വിജിലൻസും ഇറങ്ങിയത്. കരാർ മാനദണ്ഡമുള്ള നിർമ്മാണം പൂർത്തിയാക്കാതെ പിഡബ്ള്യൂഡി ഉദ്യോഗസ്ഥർ ബില്ലുകള്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയതോ അറ്റകുറ്റപ്പണി നടത്തിയതോ ആയ റോഡുകളില്‍ നിന്നും സാമ്പിളുകൾ ശേഖരിച്ചു.

കുഴികള്‍ അടയ്ക്കുമ്പോഴും അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോഴും ചെളിയും മണ്ണും മാറ്റി, ടാർ ഒഴിച്ച ശേഷം റോഡ് നിർമ്മാണം നടത്തണമെന്നാണ് ചട്ടം. പക്ഷെ പല സാമ്പിള്‍ പരിശോധനയിലും ഈ ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. നിർമ്മാണങ്ങള്‍ സംബന്ധിച്ച രേഖകളും വിജിലൻസ് പരിശോധിക്കും. രേഖകളിലും സാമ്പിള്‍ പരിശോധനയിലും പൊരുത്തക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കും കരാർകാർക്കുമെതിരെ കേസെടുക്കാനാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശം. വിജിലൻസ് അന്തിമ റിപ്പോർട്ട് എതിരായാൽ പൊതുമരാമത്ത് വകുപ്പിന്  വലിയ തിരിച്ചടിയാകും. ദേശീയ പാതയിലെ കുഴിയിൽ പൊതുമരാമത്ത് മന്ത്രി കേന്ദ്രത്തെ പഴിക്കുമ്പോൾ സംസ്ഥാന പാതയിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് സംസ്ഥാന ഏജൻസി കണ്ടെത്തൽ വലിയ നാണക്കേടാകും.

Follow Us:
Download App:
  • android
  • ios