സൂര്യന് കീഴിലുള്ള ഏത് ശക്തികൾ തടയാൻ വന്നാലും അമ്യൂസ്മെന്‍റ് പാർക്കിന്‍റെ നിർമ്മാണ പ്രവർത്തനവുമായി  മുന്നോട്ട് പോകുമെന്ന് എം എം മണി എംഎൽഎ വെല്ലുവിളിച്ചു.

ഇടുക്കി: റവന്യു വകുപ്പിന്‍റെ സ്റ്റോപ് മെമ്മോ അവഗണിച്ച് മൂന്നാറില്‍ സിപിഎം അമ്യൂസ്മെന്‍റ് പാര്‍ക്ക് നിര്‍മ്മാണം തുടങ്ങി. സ്റ്റോപ് മെമ്മോയ്ക്കെതിരെ ജനകീയ പ്രതിക്ഷേധ സമിതി ചേര്‍ന്ന ശേഷമാണ് പാര്‍ക്ക് നിര്‍മ്മാണം തുടങ്ങിയത്. സൂര്യന് കീഴിലുള്ള ഏത് ശക്തികൾ തടയാൻ വന്നാലും അമ്യൂസ്മെന്‍റ് പാർക്കിന്‍റെ നിർമ്മാണ പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്ന് എം എം മണി എംഎൽഎ വെല്ലുവിളിച്ചു.

മുതിരപ്പുഴയുടെ തീരത്ത് മുന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് അമ്യൂസ്മെന്‍റ് പാർക്കിന്‍റെ നിര്‍മ്മാണം നടക്കുന്നത്. റവന്യു തര്‍ക്കമുള്ള ഭൂമിയായതിനാല്‍ നിര്‍മ്മാണ പ്രവർത്തനങ്ങള്‍ക്ക് റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. അനുമതി നല്‍കാന‍് കഴിയില്ലെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവുമിറക്കി. ഇതിനെ എല്ലാം വെല്ലുവിളിച്ചാണ് നിര്‍മ്മാണം തുടങ്ങിയിരിക്കുന്നത്. സിപിഎം എംഎല്‍എമാരായ എ രാജയുടെയും എംഎം മണിയുടെയും സാന്നിധ്യത്തിലായിരുന്നു ഉത്തരവ് ലംഘിച്ചത്. സിപിഎം പ്രവര്‍ത്തകരെ ഉള്‍കൊള്ളിച്ച അമ്യൂസ്മെന്‍റ് പാര്‍ക്ക് സംരക്ഷണ സമിതിയെന്ന സംഘടനയുണ്ടാക്കി പ്രതിരോധം സൃഷിച്ചായിരുന്നു നീക്കം.

ഉത്തരവ് ലംഘിച്ചത് ഗൗരവത്തോടെയാണ് റവന്യു വകുപ്പ് കാണുന്നത്. റവന്യുസംഘം സ്ഥലം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കും. കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആവശ്യമെങ്കില്‍ നിലവിലെ സ്ഥിതിഗതികള്‍ കോടതിയെ അറിയിക്കാനാണ് റവന്യു ഉദ്യോഗസ്ഥരുടെ തീരുമാനം.