മൂന്ന് മാസത്തിനകം നിർമ്മാണം പൂർത്തിയാകും. ഇതോടെ യാത്രക്കപ്പലുകള്‍ ഉള്‍പ്പടെ കൂടുതല്‍ കപ്പലുകള്‍ക്ക് തുറമുഖത്ത് അടുക്കാൻ കഴിയുമെന്ന് എംഎല്‍എ എം മുകേഷ് പറഞ്ഞു. 

കൊല്ലം: തുറമുഖത്തിലെ രണ്ടാമത്തെ വാർഫിന്‍റെ നിർമ്മാണ പ്രവർത്തനങ്ങള്‍ അവസാനഘട്ടത്തില്‍. മൂന്ന് മാസത്തിനകം നിർമ്മാണം പൂർത്തിയാകും. ഇതോടെ യാത്രക്കപ്പലുകള്‍ ഉള്‍പ്പടെ കൂടുതല്‍ കപ്പലുകള്‍ക്ക് തുറമുഖത്ത് അടുക്കാൻ കഴിയുമെന്ന് എംഎല്‍എ എം മുകേഷ് പറഞ്ഞു.

2007-ലാണ് കൊല്ലം തുറമുഖം കമ്മീഷൻ ചെയ്തത്. ചരക്ക് നീക്കമായിരുന്നു പ്രധാനലക്ഷ്യം. വിനോദസഞ്ചാര സാധ്യതകള്‍കൂടി കണക്കിലെടുത്താണ് പുതിയ വാർഫ് ഉള്‍പ്പടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാൻ തുറമുഖ വകുപ്പ് നടപടി തുടങ്ങിയത്. 100 മീറ്റർ നീളത്തില്‍ 20 കോടി രൂപ ചിലവിട്ടാണ് രണ്ടാമത്തെ വാർഫും സൗകര്യങ്ങളും ഒരുക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ മൂന്ന് കപ്പലുകള്‍ക്ക് തുറമുഖത്ത് നങ്കൂരമിടാൻ കഴിയും. ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് യാത്രക്കപ്പലുകള്‍ എത്തുന്നതിന് വേണ്ടിയുള്ള ചർച്ചകള്‍ തുടങ്ങി കഴിഞ്ഞു. ഇമിഗ്രേഷൻ ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ സമീപിച്ച് കഴിഞ്ഞുവെന്നും എംഎൽഎ വ്യക്തമാക്കി.

കഴിഞ്ഞ 12 വർഷത്തിനിടെ 163 കപ്പലുകളാണ് കൊല്ലം തുറമുഖത്ത് വന്നുപോയത്. കശുവണ്ടി ഇറക്കുമതിക്ക് ഒപ്പം സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങള്‍ കയറ്റി അയക്കുന്നതിന് ആവശ്യമായ ശിതീകരണസംവിധാനങ്ങള്‍ ഉൾപ്പടെ ഒരുക്കുന്നുണ്ട്. ഡിസംബർ ആദ്യവാരത്തോടെ പുതിയ വാർഫിന്‍റെ ഉദ്ഘാടനം നടത്താനാണ് തുറമുഖ വകുപ്പിന്‍റെ തീരുമാനം.