പത്തനംതിട്ട: കോന്നിയിൽ ഇരുനില കെട്ടിടം ഇടിഞ്ഞ് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. നിർമാണത്തിലിരിക്കുന്ന വീടിന്റെ തട്ട് പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്. കോന്നി സ്വദേശിയായ സുനിൽകുമാർ എന്ന് വിളിക്കപ്പെടുന്ന അതുൽ കൃഷ്ണയാണ് മരിച്ചത്.  വീടിന്റെ രണ്ടാം നിലയുടെ പണിയാണ് നടന്നുകൊണ്ടിരുന്നത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഭിത്തിക്കും കോൺക്രീറ്റ് പാളിക്കും ഇടയിൽ കുടുങ്ങിയ അതുലിന്റെ മൃതദേഹം പുറത്തെടുത്തു. രണ്ടാം നിലയുടെ കോൺക്രീറ്റ് ചെയ്തതിലും പൊളിച്ചതിലും അശാസ്ത്രീയതയെന്ന് അഗ്നിശമന സേന വിലയിരുത്തി.

കഴിഞ്ഞ ദിവസമാണ് വീടിന്റെ കോൺക്രീറ്റ് വർക്ക് നടന്നത്. ഇതിനായി നിർമ്മിച്ച തട്ട് പൊളിക്കുകയായിരുന്നു തൊഴിലാളികൾ. ഇന്ന് രാവിലെയാണ് തട്ട് പൊളിക്കാൻ ആരംഭിച്ചത്. തട്ട് പൊളിക്കുന്നതിനിടെ ഭിത്തിയുടെയും കോൺക്രീറ്റിന്റെയും ഇടയിൽ അതുൽ കൃഷ്ണ കുടുങ്ങിപ്പോവുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ അതുൽ മരിച്ചു. മൃതദേഹം പുറത്തെടുക്കാൻ ഫയർ ഫോഴ്സും മറ്റുള്ളവരും ഏറെ നേരം പണിപ്പെട്ടു.

കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുൻപ് തട്ട് പൊളിച്ചതാവും അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികളിലാർക്കും പരിക്കേറ്റിട്ടില്ല. അപകടം നടന്ന വീടിന് തൊട്ടടുത്താണ് അതുലിന്റെയും വീട്. മൂന്ന് മണിയോടെയാണ് അപകടം നടന്നത്. തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് പതിക്കുമെന്ന് മനസിലാക്കി മാറാൻ ശ്രമിക്കുമ്പോഴേക്കും അതുൽ അപകടത്തിൽപെട്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിഞ്ഞുവീണ കോൺക്രീറ്റ് പാളി ഉയർത്തിയാണ് മൃതദേഹം പുറത്തെടുത്തത്.