കൊച്ചി: ഓണക്കാലത്ത് അരി നല്‍കാൻ ആന്ധ്രയിലെ ചില ഏജൻസികള്‍ വിസമ്മതിച്ച സാഹചര്യത്തില്‍ മറ്റ് വിതരണക്കാരില്‍ നിന്ന് അരി വാങ്ങി പ്രതിസന്ധി പരിഹരിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ്. ഇത്തവണത്തെ ഓണച്ചന്തകളിലൂടെ 200 കോടി രൂപയുടെ സബ്സിഡി സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ എം.മെഹബൂബ് കൊച്ചിയില്‍ അറിയിച്ചു

ഓണം വിപണിക്ക് ആവശ്യമായ ആന്ധ്ര ജയ അരി നല്‍കുന്നതിന് ആന്ധ്രയിലെ ചില ഏജന്‍സികള്‍ ടെന്‍ഡര്‍ നല്‍കിയിരുന്നു. പിന്നീട് അരിക്ക് ദൗര്‍ലഭ്യമുണ്ടെന്നും വിതരണം ചെയ്യാന്‍ സാധിക്കില്ലെന്നും കാട്ടി കത്ത് നല്‍കി. തുടര്‍ന്ന് സര്‍ക്കാരുമായി ആലോച്ചിച്ച് മറ്റ് ഏജന്‍സികളില്‍ നിന്ന് അരി എത്തിക്കുന്നതിന് നടപടി സ്വീകരിച്ചതായി കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബുബ് അറിയിച്ചു. ഇതിലൂടെ ഉണ്ടാകുന്ന നഷ്ടം ടെന്‍ഡറില്‍ പങ്കെുടത്ത ഏജന്‍സികളില്‍ നിന്ന് ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു

കണ്‍സ്യൂമര്‍ ഫെ‍ഡ് അടുത്ത മാസം ഒന്നു മുതല്‍ പത്ത് വരെ 3500 ഓണച്ചന്തകള്‍ നടത്തും. 200 കോടി രൂപയുടെ സബ്സിഡി സാധനങ്ങളും 100 കോടി രൂപയുടെ സബ്സിഡിയില്ലാത്ത സാധനങ്ങളും ചന്തകളില്‍ ലഭ്യമാണ്. സബ്സിഡിയോടെ വില്‍പ്പന നടത്തുന്ന 13 ഇനങ്ങള്‍ സപ്ലൈകോയുടെ വിലയക്ക് തന്നെ ലഭ്യമാകും. ജയ അരി 25 രൂപ നിരക്കിലും കുറുവ അരി 26 രൂപ നിരക്കിലും 5 കിലോ വീതം ലഭിക്കും.കാര്‍ഡുടമകള്‍ക്ക് പച്ചരി രണ്ട് കിലോ വീതവും പഞ്ചസാര ,വെളിച്ചെണ്ണ എന്നിവ ഓരോ കിലോ വീതവും ലഭിക്കും.