കോഴിക്കോട് തീരത്ത് നിന്നും 66 നോട്ടിക്കൽ മൈൽ അകലെ കടലിൽ കപ്പലിന് തീപിടിച്ചു

തിരുവനന്തപുരം: അറബിക്കടലിൽ കേരള തീരത്തിനടുത്ത് വച്ച് തീപിടിച്ചത് സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത വാൻ ഹായ് 503 കപ്പലിന്. 20 വർഷം പഴക്കമുള്ള കണ്ടെയ്‌നർ കപ്പലാണിത്. കൊളംബോയിൽ നിന്ന് മദർ ഷിപ്പിലേക്ക് മാറ്റേണ്ട ചരക്കുമായി മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖത്തേക്ക് പോവുകയായിരുന്നു. 

അപകട സമയത്ത് മണിക്കൂറിൽ 14 നോട്ടിക്കൽ മൈൽ വേഗതയിലാണ് കപ്പൽ സഞ്ചരിച്ചത്. യാത്ര തുടങ്ങി 11ാം മണിക്കൂറിലാണ് അപകടം. കോഴിക്കോട് തീരത്ത് നിന്ന് 66 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. അപകട സമയത്ത് 22 ജീവനക്കാർ കപ്പലിലുണ്ടായിരുന്നു. 18 പേർ കടലിൽ ചാടി. 2005 ൽ നിർമ്മിച്ച ഈ കപ്പൽ നിലവിൽ സിംഗപ്പൂർ പതാകയ്ക്ക് കീഴിലാണ് സഞ്ചരിക്കുന്നത്. 269 മീറ്റർ നീളവും 32 മീറ്റർ വീതിയുമുള്ളതാണ് ഈ കപ്പൽ.

കപ്പലിൽ പല തവണ പൊട്ടിത്തെറിയുണ്ടായെന്നാണ് ലഭിക്കുന്ന വിവരം. 20 കണ്ടെയ്‌നർ കടലിൽ വീണു. കടലിൽ ചാടിയ ജീവനക്കാർ രക്ഷാ ബോട്ടുകളിലുണ്ടെന്നാണ് വിവരം. കോസ്റ്റ് ഗാർഡ്, നേവി എന്നിവർ കപ്പലിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ ഡോർണിയർ ഹെലികോപ്റ്ററുകൾ അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. 

കപ്പലിലെ തൊഴിലാളികൾക്ക് പൊള്ളലേറ്റതായി സംശയമുണ്ട്. ഇവരെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാവാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. 

YouTube video player