കപ്പലിൽ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ പൊതുജനങ്ങൾ സ്പർശിക്കാൻ പാടുള്ളതല്ല. 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കുക.

കൊച്ചി: അറബിക്കടലിൽ തീപിടിത്തമുണ്ടായ വാൻ ഹായ് 503 കപ്പലിൽ നിന്ന് താഴേയ്ക്ക് പതിച്ച കണ്ടെയ്‌നറുകൾ നാളെയും പതിനെട്ടാം തീയതിയിലുമായി തീരത്തടിയാൻ സാധ്യത. എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകൾ വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ്, ഐടിഒപിഎഫ് എന്നിവരിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ടെന്നും ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കപ്പലിൽ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ പൊതുജനങ്ങൾ സ്പർശിക്കാൻ പാടുള്ളതല്ല. 200 മീറ്റർ എങ്കിലും അകലം പാലിച്ച് മാത്രം നിൽക്കുക.

ഇത്തരം വസ്തുക്കൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ 112 ൽ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം വാൻഹായ് കപ്പലിനെ കേരള തീരത്തുനിന്ന് 45 നോട്ടിക്കൽ മൈൽ ദൂരത്തേക്ക് കെട്ടിവലിച്ചു മാറ്റി. കഴിഞ്ഞദിവസം കേരളതീരത്തിന് 20 നോട്ടിക്കൽ മൈൽ ദൂരം വരെ കപ്പലെത്തിയിരുന്നു. 45- 50 നോട്ടിക്കൽ മൈൽ ദൂരത്തെത്തിയതോടെ കപ്പൽ ആയിരം മീറ്ററിലേറെ കടലാഴമേഖലയിലാകും. ഇന്ത്യൻ നാവികസേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് ദിവസങ്ങളായി നടത്തുന്ന അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് കപ്പലിനെ കേരള തീരത്ത് നിന്നും മാറ്റിയത്.

2025 മെയ്, ജൂൺ മാസങ്ങളിൽ കേരള തീരത്തിനടുത്തായി ഉണ്ടായ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട് കടലിലും കരയിലുമായി അടിയുന്ന വസ്‌തുക്കളും അതിന്റെ അനുബന്ധ വിവരശേഖരണത്തിനുമായി ഒരു വെബ് ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുണ്ട്. വസ്തു കണ്ടെത്തിയ വ്യക്തിയുടെ പേര്, മൊബൈൽ നമ്പർ, കാണപ്പെട്ട വസ്തുവിന്റെ അടിസ്ഥാന വിവരങ്ങൾ, വസ്തു കാണപ്പെട്ട ലൈവ് ലൊക്കേഷൻ അല്ലെങ്കിൽ അടുത്ത ലാൻഡ്മാർക്ക്, ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഈ ആപ്ലിക്കേഷൻ വഴി ശേഖരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാൻ ചെയ്‌തോ ലിങ്കിൽ ക്ലിക്ക് ചെയ്‌തോ വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്. ലിങ്കിനായി ക്ലിക്ക് ചെയ്യുക.