തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ കെ ജയകുമാർ, ശബരിമല സ്വർണക്കൊള്ള പോലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകി. ഭക്തരുടെ വിശ്വാസം വീണ്ടെടുത്ത് പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള പോലെയുള്ള സംഭവ വികാസങ്ങൾ ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിലുണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി പ്രസിഡന്റ് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ. ഇനി വിശ്വാസം വ്രണപ്പെടില്ലെന്നും ഭക്തർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായി തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഭരണസമിതി ചുമതലയേറ്റതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികൾക്കിടയിൽ ഒരു പ്രതിസന്ധിയുണ്ടെന്നത് വാസ്തവമാണ്. ഇപ്പോൾ പുറത്തുവരുന്ന വാർത്ത വിശ്വാസികൾക്കിടയിൽ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. ആ സാഹചര്യം അതുപോലെ നിലനിൽക്കാൻ അനുവദിച്ചുകൂടാ. പ്രവർത്തനങ്ങളിൽ സുതാര്യത ഉണ്ടാക്കും. ഏതെല്ലാം വഴികളിലൂടെയാണ് വൈകല്യം കടന്നുകയറിയത് അതെല്ലാം ഇല്ലാതാക്കും. എവിടെയൊക്കെയാണ് പിടിമുറുക്കേണ്ടത് അവിടെയൊക്കെ വേണമെങ്കിൽ പിടിമുറുക്കും. അവിഹിതമായ കാര്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരും. സ്പോൺസർമാരുടെ കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ കാണാം 

YouTube video player