ബംഗലൂരൂവില്‍ താമസമാക്കിയ എച്ച്ആര്‍ പ്രൊഫഷണലായ പെണ്‍കുട്ടി തിരുവനന്തപുരത്ത് നിന്നും ബംഗലൂരുവിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവമുണ്ടായത്. ഇവര്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് സൂചന.

ബംഗളൂരു: യാത്രക്കാരെ മര്‍ദ്ദിച്ച് പുലിവാല് പിടിച്ച കല്ലട ട്രാവല്‍സ് സ്വകാര്യ ബസ് സര്‍വിസ് വീണ്ടും വിവാദത്തില്‍. രാത്രിയില്‍ ഭക്ഷണത്തിനായി നിര്‍ത്തിയ സ്ഥലത്ത്നിന്ന് 23കാരിയെ ബസില്‍ കയറ്റാതെ ബസ് യാത്ര തുടര്‍ന്നെന്ന് ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റായ ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടി ബസിന് പിന്നാലെ ഓടിയിട്ടും ജീവനക്കാര്‍ കണ്ടതായി ഭാവിച്ചില്ലെന്നും വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയിട്ടും ഡ്രൈവര്‍ നിര്‍ത്തിയില്ലെന്നുമാണ് ആരോപണം.

ഒടുവില്‍ യുവതിയെ സഹായിച്ച് മറ്റൊരു വാഹനം ബസിന് കുറുകെ നിര്‍ത്തിയാണ് യുവതിക്ക് തുടര്‍ യാത്രക്കുള്ള സൗകര്യം ഒരുക്കിയത്. പിന്നോട്ടെടുത്ത് യുവതിയെ കയറ്റാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഏകദേശം അഞ്ച് മിനിറ്റോളം ഓടിയാണ് പെണ്‍കുട്ടി ബസില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബംഗലൂരൂവില്‍ താമസമാക്കിയ എച്ച്ആര്‍ പ്രൊഫഷണലായ പെണ്‍കുട്ടി തിരുവനന്തപുരത്ത് നിന്നും ബംഗലൂരുവിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവമുണ്ടായത്. ഇവര്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് സൂചന. കഴക്കൂട്ടത്ത് നിന്നും വൈകിട്ട് 6.45ന് കയറി. രാത്രി ഭക്ഷണത്തിന് തിരുനെല്‍വേലിയില്‍ 10.30 ബസ് നിര്‍ത്തി. പെണ്‍കുട്ടി ഭക്ഷണം കഴിയ്ക്കുന്നത് അവസാനിക്കും മുമ്പ് മുന്നറിയിപ്പ് നല്‍കാതെ ബസ് എടുക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. പേര് വിവരങ്ങള്‍ വെളിപ്പെടുത്താനും പെണ്‍കുട്ടി തയ്യാറായില്ല.

യുവതിയുടെ വാക്കുകള്‍: 
ബസ് നീങ്ങുന്നത് കണ്ട ഞാന്‍ ശബ്ദമുണ്ടാക്കി പിന്നാലെ ഓടിയെങ്കിലും ബസ് നിര്‍ത്തിയില്ല. സമീപത്തുണ്ടായിരുന്ന ആളുകളും ശബ്ദമുണ്ടാക്കി ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കാറുകള്‍ ഹോണടിച്ച് ബസ് ഡ്രൈവറുടെ ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഞാന്‍ ഭ്രാന്ത്പിടിച്ച അവസ്ഥയില്‍ ബസിന് പിന്നാലെ ഓടി. ചിലര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തെങ്കിലും അപരിചിതമായ സ്ഥലത്ത് എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. പിന്നീട് ഒരു കാര്‍ ബസ് തടഞ്ഞുനിര്‍ത്തിയാണ് തന്നെ സഹായിച്ചതെന്നും യുവതി പറയുന്നു. എന്നാല്‍, പിന്നിലേക്ക് മടങ്ങിവരാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ല. അഞ്ച് മിനിറ്റോളം ഓടിയാണ് ബസിലെത്തിയത്. തെറ്റിന് മാപ്പ് പറയാന്‍ കല്ലട ജീവനക്കാര്‍ തയ്യാറായില്ലെന്നും ചീത്ത വിളിച്ചെന്നും യുവതി പറയുന്നു.