പ്രതിഷേധം ഫലം കണ്ടു, വിരമിച്ച അധ്യാപകരെയും ഗസ്റ്റ്അധ്യാപകരായി നിയമിക്കാമെന്ന ഉത്തരവ് സര്‍ക്കാര്‍ തിരുത്തും
സംസ്ഥാനത്തെ കോളെജുകളിൽ ഗസറ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള പ്രായപരിധി 50 വയസ്സായിരുന്നു. 70 വയസ്സ് വരെയുള്ള വിരമിച്ച അധ്യാപകരെ പരിഗണിക്കാമെന്ന നിർദ്ദേശത്തിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം:കടുത്ത പ്രതിഷേധമുയർന്നതിന് പിന്നാലെ, വിരമിച്ച അധ്യാപകരരെയും ഗസ്റ്റ് അധ്യാപകരായി നിയമിക്കാമെന്ന ഉത്തരവ് പുനപരിശോധിക്കാൻ സർക്കാർ തീരുമാനം. 70 വയസ്സ് വരെയുള്ള വിരമിച്ച അധ്യാപകരെയും അതിഥി അധ്യാപകരായി നിയമിക്കാമെന്നായിരുന്നു സർക്കാർ ഉത്തരവ്.
സംസ്ഥാനത്തെ കോളെജുകളിൽ ഗസറ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള പ്രായപരിധി 50 വയസ്സായിരുന്നു. കഴിഞ്ഞയാഴ്ച സർക്കാർ പുതുക്കിയിറക്കിയ ഉത്തരവിലാണ്, 70 വയസ്സ് വരെയുള്ള വിരമിച്ച അധ്യാപകരെ അതിഥി നിയമനത്തിന് പരിഗണിക്കാമെന്ന നിർദ്ദേശം. ഇതിനെതിരെ ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള സംഘടനകൾ രംഗത്തെത്തി. നെറ്റ് യോഗ്യത നേടി നൂറുകണക്കിന് ഉദ്യോഗാർത്ഥികൾ ജോലി കാത്ത് പുറത്തുനിൽക്കുമ്പോൾ, വിരമിച്ചവർക്ക് വീണ്ടും ജോലി നൽകുന്നത് യുവജന വിരുദ്ധമാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും DYFI ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഉത്തരവ് പുനപരിശോധിക്കാനുള്ള സർക്കാർ തീരുമാനം.
ഉയർന്ന ശമ്പളവും പെൻഷനുമോടെ വിരമിച്ചവർക്ക് വീണ്ടും ജോലി നൽകാനുള്ള തീരുമാനം സർവീസ് സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നെന്നാണ് ആക്ഷേപം ഉയരുന്നത്.മാർച്ചിൽ കോളെജ് അധ്യാപകരുടെ നിയമനത്തിനുള്ള പ്രായപരിധി അമ്പതാക്കി ഉയർത്തിയിരുന്നു.അന്നും സർവീസ് സംഘടനകളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങിയെന്നായിരുന്നു വിമർശനങ്ങൾ.