തിരുവനന്തപുരം: വിവാദമായ നിയമനത്തിന് പിന്നാലെ ജീവനക്കാർക്കു മുന്നിൽ വെല്ലുവിളിയുമായി സി-ഡിറ്റ് ഡയറക്ടർ ജി ജയരാജ്. തന്‍റെ നിയമനം റദ്ദാക്കിയാൽ സർക്കാർ ഓർഡിനൻസിറക്കി സംരക്ഷിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ജയരാജന്‍റെ അവകാശവാദം. വിരമിച്ച ശേഷവും ജയരാജനെ ‍‍ഡയറക്ടര്‍ സ്ഥാനത്ത് നിയമിച്ചത്  ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരിക്കവേയാണ് ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സി ഡിറ്റിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ജയരാജ് സംസാരിച്ചത്. മുഖ്യമന്ത്രിയിലും സർക്കാരിലും തനിക്കുള്ള സ്വാധീനം ജീവനക്കാർക്ക് ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു പ്രസംഗം. 

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഹരിത കേരള മിഷൻറെ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സണുമായി ടി.എൻ.സീമയുടെ ഭർത്താവ് ജി ജയരാജിൻറെ നിയമനമാണ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. സി-ഡിറ്റ് രജിസ്ട്രാറിയിരിക്കുമ്പോള്‍ ജയരാജ് തന്നെ ഡയറക്ടർ നിയമനത്തിൻറെ യോഗ്യതകള്‍ മാറ്റം വരുത്തിയെന്നും,  ജയരാജിൻറെ യോഗ്യതകള്‍ക്കനുസരിച്ച് പുതിയ ചട്ടമുണ്ടാക്കി ഭരണസമിതിയെ കൊണ്ട് അംഗീകരിപ്പിച്ച് നിയമനം നേടിയെന്നുമാണ് പരാതി.  ഇക്കാര്യം ചൂണ്ടികാണിച്ചുള്ള ഹർജിൽ ഹൈക്കോടതി സ‍ർക്കാരിൻറെ വിശദീകരണം ചോദിച്ചിരിക്കെയാണ്  ജയരാജന്‍റെ വിവാദ പ്രസംഗം പുറത്തുവന്നിരിക്കുന്നത്. 

Read Also: സി-ഡിറ്റ് നിയമന വിവാദത്തിൽ ഹൈക്കോടതി ഇടപെടൽ; ജി ജയരാജന്‍റെ നിയമനത്തിൽ സർക്കാരിനോട് വിശദീകരണം തേടി

പ്രസംഗത്തെ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാൻ ജയരാജ്  തയ്യാറായില്ല. പ്രതിപക്ഷ നേതാവ് അടക്കം ജയരാജൻറേത് ബന്ധുനിയമനമാണെന്ന ആക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ്  വിവാദ ശബ്ദരേഖ പുറത്തുവന്നിരിക്കുന്നത്.

"

Read Also: സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും നിയമന വിവാദം; സി ഡിറ്റ് ഡയറക്ടര്‍ക്കെതിരെ പരാതി