തിരുവനന്തപുരം: തുഷാർ വെള്ളാപ്പള്ളിയുടെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെട്ടതിനെ ചൊല്ലിയുള്ള രാഷ്ട്രീയവിവാദം തുടരുന്നു. ബിജെപിയുമായുള്ള രഹസ്യ ബന്ധത്തിന്‍റെ ഭാഗമാണ് ഇടപെടലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേ സമയം മുഖ്യമന്ത്രിയുടെ ഇടപെടലിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കായികവകുപ്പ് മന്ത്രി ഇപി ജയരാജനും ന്യായീകരിച്ചു.

തുഷാറിന്‍റെ മോചനത്തിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം ഇന്ന് കനത്തു. ഒരു ദിവസത്തെ മൗനത്തിന് ശേഷം പ്രതികരിച്ച കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നിൽ ബിജെപിയുമായുള്ള ഗൂഢബന്ധമെന്ന് കെപിസിസി അധ്യക്ഷൻ ആരോപിച്ചു. അതേസമയം കടുപ്പിക്കാതെ ആയിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. 

സംസ്ഥാന ബിജെപിയുടെ മൗനത്തിനിടെയുള്ള മുഖ്യമന്ത്രിയുടെ ഇടപെൽ രാഷ്ട്രീമായ ഗുണം ചെയ്യുമെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ഇടപെടലിൽ വെട്ടിലായ ബിജെപി അറസ്റ്റിനു പിന്നിൽ സിപിഎമ്മാണെന്ന് ആരോപിക്കുകയാണ്. അതേസമയം  കേന്ദ്രഭരണമുണ്ടായിട്ടും മിണ്ടാതിരുന്ന ബിജെപിയോ എതിർചേരിയിലായിട്ടും ഇടപെട്ട പിണറായിയോ ആരാണ് ഭേദമെന്നാകും ബിഡിജെസ് നേതാക്കളോടുള്ള വെള്ളാപ്പള്ളിയുടെ ഇനിയുള്ള ചോദ്യം.