Asianet News MalayalamAsianet News Malayalam

ഇടതുനേതാക്കളുടെ ബന്ധുക്കളെ സ്ഥിരപ്പെടുത്താന്‍ നീക്കമെന്നാരോപണം; സ്കോള്‍ കേരളയിലെ നിയമനം വിവാദത്തില്‍

നിയമനം പിഎസ് സി ക്ക് വിടാതെ സ്ഥിരപ്പെടുത്തലിന് മുന്നോടിയായി 80 പുതിയ തസ്തികകൾ ഉണ്ടാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ് വിവാദമായിരിക്കുന്നത്. 

controversy in scole kerala
Author
Thiruvananthapuram, First Published Aug 23, 2019, 4:06 PM IST

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോള്‍ കേരളയിൽ ഇടത് നേതാക്കളുടെ ബന്ധുക്കളടക്കമുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതായി ആരോപണം. നിയമനം പിഎസ് സി ക്ക് വിടാതെ സ്ഥിരപ്പെടുത്തലിന് മുന്നോടിയായി 80 പുതിയ തസ്തികകൾ ഉണ്ടാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ് വിവാദമായിരിക്കുന്നത്. 

ഓപ്പൺ സ്കൂളിന് പകരമായുണ്ടാക്കിയ സ്ഥാപനമാണ് സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻറ്  ലൈഫ് ലോങ്ങ് എജുക്കേഷൻ അഥവാ സ്കോൾ കേരള.  ഇവിടെ 80 തസ്തികകൾ ഉണ്ടാക്കി ചൊവ്വാഴ്ചയാണ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്. പക്ഷെ നിയമനം പിഎസ് സി വഴിയാണെന്ന് ഉത്തരവില്‍ പറയുന്നില്ല. എൽബിഎസ്സിൻറെ പഠനം അനുസരിച്ചാണ് തസ്തിക ഉണ്ടാക്കിയതെന്നും ഓരോ തസ്തികകളുടേയും ശമ്പള സ്കെയിലും ഉത്തരവില്‍ വിശദീകരിക്കുന്നുണ്ട്.  

നിലവിൽ കരാർ അടിസ്ഥാനത്തിൽ 79 പേ‍ർ സ്കോൾ കേരളയിൽ ജോലിചെയ്യുന്നു. പലരും പ്രമുഖ ഇടത് നേതാക്കളുടെ ബന്ധുക്കളാണ്. ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണിതെന്ന് വിടി ബൽറാം എംഎൽഎ ആരോപിച്ചു.  

സർക്കാർ മാറുന്നതനുസരിച്ച് ഇഷ്ടമുള്ളവരെ നിയമിക്കുകയും മുൻ സർക്കാർ നിയമിച്ചവരെ പിരിച്ചുവിടുകയും ചെയ്യുന്ന പതിവാണ് സ്കോൾ കേരളയിലേത്. ഇതിനിടെ വർഷങ്ങളായി കരാർ ജോലിചെയ്യുന്ന ചില ജീവനക്കാർ തൊഴിൽ സുരക്ഷിതത്വം വേണമെന്നാവശ്യപ്പെട്ട്
ഹൈക്കോടതിയെയും സമീപിച്ചിരുന്നു. കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും രൂപീകരിച്ച തസ്തികകളിലേക്കുള്ള നിയമനരീതി ഉടൻ നിശ്ചയിക്കുമെന്നുമാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. 

Follow Us:
Download App:
  • android
  • ios