തിരുവനന്തപുരം: അദാനി ഗ്രൂപ്പില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കേരളത്തിന്‍റെ തീരുമാനത്തെച്ചൊല്ലി വിവാദം മുറുകുന്നു. കെഎസ്ഇബിയുടെ കരാറിനു പിന്നില്‍ ഒത്തുകളിയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാറെന്നും, ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കെഎസ്ഇബി വിശദീകരിക്കുന്നു. 

സൗരോര്‍ജം ഒഴികെയുള്ള പാരമ്പര്യേതര ഊര്‍ജ്ജം നിശ്ചിത ശതമാനം ഓരോ സംസ്ഥാനവും വാങ്ങണമെന്ന് കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍റെ നിര്‍ദ്ദേശമുണ്ട്. ഇത് നിറവേറ്റാനാണ് സോളാര്‍ എനര്‍ജി കോ‍ർപ്പറേഷൻ ഓഫ് ഇന്ത്യ അഥവാ സെക്കി മുഖേന കേരളം വൈദ്യുതി വാങ്ങുന്നത്. മൊത്തം 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് 25 വര്‍ഷ കാലാവധിയുള്ള കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഇതില്‍ അദാനി ഗ്രൂപ്പിന്‍റെ ഗുജറാത്തിലെ കച്ചിലുള്ള കാറ്റാടിപ്പാടത്തു നിന്നും 75 മെഗാവാട്ട് വൈദ്യുതിയാണ് കേരളം വാങ്ങുന്നത്. 

ഇടത് സര്‍ക്കാര്‍ അദാനി ഗ്രൂപ്പില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിന്, സ്വര്‍ണകടത്ത് കേസിലെ മെല്ലെപ്പോക്കുമായി ബന്ധമുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. എന്നാല്‍ ഈ ആരോപണം അടിസ്ഥാനമില്ലാത്തതെന്നാണ് കെഎസ്ഈബിയുടെ വിശദീകരണം. സോളാര്‍ എനര്‍ജി കോര്‍പ്പറേഷനുമായാണ് കെഎസ്ഇബിക്ക് കരാറുള്ളത്.  സെക്കി വിവിധ ഏജന്‍സികളില്‍ നിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നു. അതില്‍ ഒന്നു മാത്രമാണ് അദാനി ഗ്രൂപ്പ്. 

കെഎസ്ഈബി പണം നല്‍കുന്നത് അദാനി ഗ്രൂപ്പിനല്ല സെക്കിക്കാണ്. യൂണിറ്റിന് 2 രൂപ 90 പൈസയാണ് നിരക്ക്. കേരളത്തിലെ ആവശ്യത്തിനുള്ള വൈദ്യുതിയുടെ 30 ശതമാനമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി പവര്‍ ഏക്സ്ചേഞ്ചില്‍ നിന്ന് വാങ്ങുകയാണ്. ഇതിന്‍റെ നിരക്കുമായി താരത്യമം ചെയ്യുമ്പോള്‍ കാറ്റാടി വൈദ്യുതിയുടെ നിരക്ക് വളരെ കുറവാണെന്നും കെഎസ്ഇബി വിശദീകരിക്കുന്നു.