Asianet News MalayalamAsianet News Malayalam

രാഖി കെട്ടിയ വിദ്യാർത്ഥിനികളെ തടഞ്ഞു, പൊട്ടിക്കാൻ നോക്കി: എസ്എഫ്ഐക്കാർക്കെതിരെ നടപടി

തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർത്ഥിയെയും കൊല്ലം എസ്എൻ കോളേജിൽ രണ്ട് വിദ്യാർത്ഥിനികളെയുമാണ് സസ്പെൻഡ് ചെയ്തത്. 

controversy over rakhi in kollam sn college and trivandrum university college
Author
Thiruvananthapuram, First Published Aug 21, 2019, 6:04 PM IST

തിരുവനന്തപുരം/കൊല്ലം: കോളേജിലേക്ക് രാഖി കെട്ടി വന്ന വിദ്യാർത്ഥിനികളെ തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലെയും കൊല്ലം എസ്എൻ കോളേജിലെയും എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതായി ആരോപണം. യൂണിവേഴ്‍സിറ്റി കോളേജിൽ ജൂനിയർ വിദ്യാർത്ഥിനിയുടെ കയ്യിലെ രാഖി വലിച്ചു പൊട്ടിക്കാൻ ശ്രമിക്കുകയും, ഇനി മേലാൽ രാഖി കെട്ടി വരരുതെന്ന് ഭീഷണി മുഴക്കുകയും ചെയ്തതിന് എസ്എഫ്ഐ പ്രവർത്തകനെ സസ്പെൻഡ് ചെയ്തു. അമൽ പ്രിയ എന്ന വിദ്യാർത്ഥിയെ അഞ്ച് ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാനാണ് കോളേജ് കൗൺസിലിന്‍റെ തീരുമാനം. 

രാവിലെ വിദ്യാർത്ഥിനി രാഖി കെട്ടി വന്നതിനെത്തുടർന്ന് ക്ലാസ്സിലെത്തിയ എസ്എഫ്ഐ പ്രവർത്തകൻ ബഹളമുണ്ടാക്കി. വാക്കേറ്റമായതോടെ വിദ്യാർത്ഥിനിയുടെ രാഖി വലിച്ച് പൊട്ടിക്കാൻ നോക്കി. ഒടുവിൽ ക്ലാസ്സിന്‍റെ ചില്ല് എസ്എഫ്ഐ പ്രവർത്തകർ തല്ലിത്തകർത്തെന്നാണ് ആരോപണം. കോളേജ് വീണ്ടും പഴയ അവസ്ഥയിലേക്ക് പോവുകയാണെന്നും സംഘടനാ സ്വാതന്ത്ര്യമില്ലെന്നും യൂണിവേഴ്‍സിറ്റ് കോളേജിലെ അക്രമങ്ങൾക്ക് ശേഷം രൂപീകരിക്കപ്പെട്ട കെഎസ്‍യുവിന്‍റെ യൂണിറ്റ് പ്രസിഡന്‍റ് അമൽ ചന്ദ്ര വ്യക്തമാക്കി. 

controversy over rakhi in kollam sn college and trivandrum university college

അതേസമയം, ജൂനിയർ വിദ്യാർത്ഥിനികളുടെ കയ്യിൽ കെട്ടിയിരുന്ന രാഖി പൊട്ടിച്ചതിനു കൊല്ലം എസ്‍എൻ കോളേജിലെ രണ്ട് സീനിയർ വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്തു. രേഖാ മൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കോളേജിന്‍റെ നടപടി. പരാതി പൊലീസിന് കൈമാറുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്ത നടപടി റദ്ദാക്കണമെന്നും ഇവരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിച്ചു. ഇതേ തുടർന്ന് കോളേജിലെ സ്പോട്ട് അഡ്മിഷൻ അരമണിക്കൂറോളം തടസ്സപ്പെട്ടു. 

Follow Us:
Download App:
  • android
  • ios