സിപിഎം പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പീഡന പരാതിയിൽ കേസെടുത്തതും പ്രകോപനമായി

ആലപ്പുഴ: ആലപ്പുഴ നോർത്ത് സിഐ എസ് സജികുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി. സജികുമാറിനെ മാറ്റിയത് എറണാകുളം ജില്ലയിലെ രാമമംഗലത്തേയ്ക്കാണ്. സമരത്തിനിടെ സിപിഐ, സിപിഎം നേതാക്കളെ സര്‍ക്കിൾ ഇൻസ്പെക്ടർ മർദ്ദിച്ചത് വിവാദമായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ആര്യാട് പഞ്ചായത്ത് പ്രസിഡന്‍റ് പരാതി നൽകിയിരുന്നു. സിപിഎം പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പീഡന പരാതിയിൽ കേസെടുത്തതും പ്രകോപനമായി. വാട്ടർ അതോറിറ്റി ഓഫീസിലേക്ക് സിപിഐ - സിപിഎം പഞ്ചായത്ത് അംഗങ്ങൾ നടത്തിയ ധർണയിലായിരുന്നു പൊലീസിന്‍റെ ബലപ്രയോഗം. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, ആലപ്പുഴ പുന്നമട ലോക്കൽ സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ ഇരയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പാർട്ടി ഓഫീസിൽവെച്ച് ശരീരത്തിൽ കടന്നുപിടിച്ചു. ലോക്കൽ സെക്രട്ടറിയാക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികാതിക്രമമെന്നും പാർട്ടിയിൽ പരാതി നൽകിയിട്ട് നീതി കിട്ടിയില്ലെന്നും മൊഴിയിൽ പറയുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസിൽ വെച്ചായിരുന്നു പുന്നമട ലോക്കൽ സെക്രട്ടറി എസ് എം ഇഖ്ബാലിന്‍റെ ലൈംഗിക ആതിക്രമമെന്നാണ് പരാതിക്കാരിയുടെ മൊഴി. പിന്നിൽ നിന്ന് അനുവാദമില്ലാതെ കടന്ന് പിടിച്ചു. കുതറിമാറാൻ ശ്രമിച്ചിട്ടും പിടിവിട്ടില്ല. ബലം പ്രയോഗിച്ചാണ് രക്ഷപ്പെട്ടത്. പാർട്ടിയിലെ പദവികള്‍ വാഗ്ദാനം ചെയ്തായിരുന്നു അതിക്രമമെന്നും പാർട്ടി പ്രവർത്തക കൂടിയായ പരാതിക്കാരി പറയുന്നു.

ഇഖ്ബാലിനെതിര രണ്ട് തവണ പാർട്ടി സെക്രട്ടറിക്ക് അടക്കം പരാതി നൽകിയിരുന്നു. രണ്ട് തവണയും അന്വേഷണ കമ്മീഷനെ വച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പാർട്ടിയിൽ നിന്ന് നീതി കിട്ടുമെന്ന് കരുതിയാണ് ആദ്യം പൊലീസിനെ സമീപിക്കാതിരുന്നതെന്നും മൊഴിയിലുണ്ട്. എന്നാൽ ഇഖ്ബാലിനെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതിന് പിന്നാലെയാണ് ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയത്.