സതീശനെതിരെ വിമർശനമുണ്ടെന്ന വാർത്ത കെ സുധാകരൻ തള്ളിക്കളയുന്നില്ല. സതീശനുമായി പ്രശ്നങ്ങളില്ലെന്നും വിമർശനം പരിശോധിക്കുമെന്നും സുധാകരൻ അറിയിച്ചു. 

തിരുവനന്തപുരം: മിഷൻ 2025ന്റെ പേരിലെ തർക്കം സംസ്ഥാന കോൺ​ഗ്രസിൽ മുറുകുന്നു. തിരുവനന്തപുരത്ത് ഇന്ന് നടന്ന യോ​ഗത്തിൽ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിട്ടുനിന്നു. കെപിസിസി ഭാരവാഹി യോ​ഗത്തിലുയർന്ന വിമർശനത്തിൽ സതീശന് അതൃപ്തി എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വയനാട് ലീഡേഴ്സ് മീറ്റിലെ തീരുമാനം റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത് വി ഡി സതീശനായിരുന്നു. അതേ സമയം ജനാധിപത്യ പാർട്ടിയിൽ വിമർശനം സ്വാഭാവികമാണെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം. സതീശനെതിരെ വിമർശനമുണ്ടെന്ന വാർത്ത കെ സുധാകരൻ തള്ളിക്കളയുന്നില്ല. സതീശനുമായി പ്രശ്നങ്ങളില്ലെന്നും വിമർശനം പരിശോധിക്കുമെന്നും സുധാകരൻ അറിയിച്ചു. 

YouTube video player

ഇന്നലെയാണ് തദ്ദേശ തിര‍ഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലയുടെ ചുമതല നല്‍കിയതില്‍ കെപിസിസി യോഗത്തില്‍ അതൃപ്തി ഉയര്‍ന്നത്. ജില്ലാ ചുമതല വഹിക്കുന്ന കെപിസിസിയുടെ നിലവിലെ ജനറല്‍സെക്രട്ടറിമാരാണ് വിമര്‍ശനം ഉന്നയിച്ചത്. വയനാട്ടില്‍ ചേര്‍ന്ന കെപിസിസി ക്യാംപ് എക്സിക്യൂട്ടിവില്‍ മിഷന്‍-2025 ന്‍റെ ചുമതല പ്രതിപക്ഷനേതാവിന് നല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് വി.ഡി സതീശന്‍ ഇറക്കിയ സര്‍ക്കുലര്‍, നിലവിലെ പാര്‍ട്ടി ഭാരവാഹികളെ മറികടക്കുന്ന രീതിയിലായി എന്നാണ് മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ വിമര്‍ശിച്ചത്. പുതിയ ചുമതല സമാന്തര സംവിധാനമായി കാണേണ്ടതില്ലെന്ന് വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് യോഗത്തെ അറിയിച്ചു. വിഡി സതീശന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പരാതികള്‍ പരിഹരിക്കാമെന്ന് കെപിസിസി പ്രസി‍ഡന്‍റ് കെ സുധാകരന്‍ മറുപടിയും നല്‍കി.