ഇഡിയെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും രാഷ്ട്രീയ നേതാക്കളെ കൈകാര്യം ചെയ്യുന്നതിനെ ചെറുക്കേണ്ടതുണ്ടെന്നും എംഎം മണി പറഞ്ഞു

ഇടുക്കി: കരുവന്നൂരില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളിൽ ഇ ഡി അന്വേഷണത്തെ വിമർശിച്ച് എം എം മണി എം.എല്‍.എ. മനുഷ്യസഹജമായ വീഴ്ചകൾ സംഭവിക്കുമെന്നും അത് എല്ലാ കാലത്തും നടന്നിട്ടുള്ളതാണെന്നും എംഎം മണി പറഞ്ഞു. എവിടെയെങ്കിലും ചില വീഴ്ചകൾ വന്നിട്ടുണ്ട് എന്നതുകൊണ്ട് സഹകരണ പ്രസ്ഥാനങ്ങൾ എല്ലാം പിഴയാണെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാണ്.ഇഡിയെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇ ഡി ബാങ്കുകളെ മാത്രമല്ല രാഷ്ട്രീയ നേതാക്കളെയും കൈകാര്യം ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ രാഷ്ട്രീയ നേതാക്കളെയും കൈകാര്യം ചെയ്യുന്നതിനെ ചെറുക്കണമെന്നും എം.എം മണി പറഞ്ഞു.


കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസില്‍ രണ്ടാംഘട്ട അന്വേഷണത്തിന്‍റെ ഭാഗമായി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇന്നലെ ഇ ഡി നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇഡിക്കെതിരെ വിമര്‍ശനവുമായി എംഎം മണി രംഗത്തെത്തിയത്. ഈ മാസം 25 ന് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാൻ ആണ് എംഎം വര്‍ഗീസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാങ്കിൽ നിന്ന് കോടികളുടെ ബനാമി വായ്പകൾ അനുവദിച്ചതിൽ ആണ് ചോദ്യം ചെയ്യൽ. കരുവന്നൂർ കേസിൽ ഉന്നത ഇടപെടൽ ഉണ്ടെന്നു ഇ ഡി ആദ്യഘട്ട കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. 55പ്രതികളെ ഉൾപ്പെടുത്തിയാണ് ഒന്നാംഘട്ട കുറ്റപത്രം നൽകിയിട്ടുള്ളത്. കേസിൽ സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എം കെ കണ്ണൻ എ സി മൊയ്തീൻ എന്നിവരെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; അന്വേഷണം ഉന്നതരിലേക്ക്, സിപിഎം നേതാവ് എംഎം വര്‍ഗീസിന് ഇ ഡി നോട്ടീസ്

സഹകരണ ബാങ്കുകളിലെ ഇഡി അന്വേഷണത്തിനെതിരെ എംഎം മണി | MM Mani