ആലപ്പുഴ: കൊറോണ ബാധയുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊറോണ ബാധയെ നേരിടുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. വണ്ടാനം മെഡിക്കൽ കോളേജിൽ തന്നെ പ്രവർത്തിക്കുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബിൽ രക്തം പരിശോധനയ്ക്ക് അയച്ചു. പനിയും ചുമയും അടക്കം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഇത്.

അതിനിടെ കൊറോണ വൈറസ് വ്യാപിച്ച വുഹാനില്‍ നിന്ന് ഒഴിപ്പിച്ച് ഇന്ത്യയിലെത്തിച്ച രണ്ടാം സംഘത്തിലെ 220 പേര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചത് ആശ്വാസമായി. ഹരിയാന മനേസറിലെ ക്യാമ്പില്‍ നിന്ന് ഇവരെ വീടുകളിലേക്ക് അയക്കും. കഴിഞ്ഞ ദിവസം ദില്ലി ചാവ്ലയിലെ ക്യാമ്പിലുള്ള 324 പേര്‍ക്കും രോഗമില്ലെന്ന് കണ്ടെത്തിയിരുന്നു. അമ്പതിലേറെ മലയാളികളാണ് ഇരു ക്യാമ്പിലുമുള്ളത്. രോഗമില്ലെന്ന് കണ്ടെത്തിയ മലയാളികളുടെ ആദ്യ സംഘം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തും.

രോഗ ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 1,868 ആയി. 2000 ലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ചൈനയിൽ മാത്രം കൊറോണ ബാധിധരുടെ എണ്ണം 72000 കടന്നു. സാർസ് പോലെയോ മെ‌ർസ് പോലെയോ മാരകമല്ല കൊറോണയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വൈറസ് ബാധിച്ചവരിൽ 80 ശതമാനം പേരും രക്ഷപ്പെടുന്നുണ്ടെന്ന് ഡബ്ലുഎച്ച്ഒ അറിയിച്ചു. 14 ശതമാനം പേർ മാത്രമാണ് ഗുരുതരമായ അവസ്ഥയിലെത്തുകയോ മരിക്കുകയോ ചെയ്യുന്നത്. കുട്ടികളിൽ കൊറോണ മരണ നിരക്ക് കുറവാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.