തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണക്കെതിരെ ജാഗ്രത തുടരുന്നു. വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നു. പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആശുപത്രികളിൽ ആകെ 100 പേർ നിരീക്ഷണത്തിലാണ്. 2421 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. ചൈനയിൽ നിന്ന് വന്നവർ വീടുകളിൽ തന്നെ തങ്ങണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 

ആലപ്പുഴയിൽ മൂന്ന് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 182 പേർ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 15 പേർ ആശുപത്രികളിലെ ഐസലേഷൻ വാർഡുകളിലാണ്. 25 സാമ്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ പതിനൊന്ന് എണ്ണത്തിന്‍റെ ഫലം ലഭിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ സാമ്പിള്‍ ഒഴികെ മറ്റെല്ലാം നെഗറ്റീവ് ആണ്. കൂടുതൽ പേർ രോഗലക്ഷണങ്ങളുമായി എത്തിയാൽ ചികിത്സ നൽകുന്നതിന് സ്വകാര്യ ആശുപത്രികളിലടക്കം ഐസലേഷൻ വാ‍ർഡുകളും സജ്ജമാണ്.

കാസർകോട് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന രണ്ട് പേരെ കൂടി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ സമാനമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നടപടി. ഇവരുടെ പരിശോധനാഫലം പുറത്ത് വന്നിട്ടില്ല. ചൈനയില്‍ നിന്നെത്തിയ 91 പേരും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേരും ഉള്‍പ്പെടെ 94 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 17  പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. അഞ്ചുപേരുടെ പരിശോധന ഫലം ലഭിച്ചതില്‍ ഒരാളുടെ  ഫലം മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളത്. 12 പേരുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് കാസർകോട് എത്തും. 

തൃശൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നിരീക്ഷണത്തിൽ കഴിയവേ, അനുമതിയില്ലാതെ കോഴിക്കോട് നിന്നും വിദേശത്തേക്ക് പോയ രണ്ട് പേരെയും തിരിച്ചെത്തിക്കാൻ ശ്രമം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നിലവില്‍ നിരീക്ഷണത്തിലുള്ളവര്‍ 28 ദിവസം തന്നെ നിരീക്ഷണത്തില്‍ കഴിയണം. ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളവരുടെ ഇൻക്വിബേഷൻ സമയം കഴിഞ്ഞാൽ മാത്രമേ സ്ഥിതി നിയന്ത്രണ വിധേയമാകൂ.