Asianet News MalayalamAsianet News Malayalam

കൊറോണ: കേരളത്തിന്റെ പ്രവ‍ര്‍ത്തനത്തില്‍ കേന്ദ്രത്തിന് സംതൃപ്തി; മലേഷ്യയിൽ നിന്നെത്തിയ ആൾ മരിച്ചു

മലേഷ്യയില്‍ നിന്നും 27ന് വന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ചികിത്സയിരുന്നയാള്‍ മരിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ കൊറോണ ബാധ പരിശോധനാ ഫലം നെഗറ്റീവായിരുന്നു

Coronavirus Covid19 Centre express satisfaction on kerala resistance
Author
Thiruvananthapuram, First Published Feb 29, 2020, 7:23 PM IST

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് കേരളത്തിലെത്തിയ ജോയിന്റ് സെക്രട്ടറി സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡ് അദ്ദേഹം സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര പ്രതിനിധി സംതൃപ്തി രേഖപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

മലേഷ്യയില്‍ നിന്നും 27ന് വന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ചികിത്സയിരുന്നയാള്‍ മരിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ കൊറോണ ബാധ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാം പരിശോധനാഫലം വരുന്നതിന് മുൻപാണ് മരണം. നടക്കാന്‍ പോലും കഴിയാതെ ഗുരുതരാവസ്ഥയിലാണ് ഇദ്ദേഹം എയര്‍പോര്‍ട്ടിലെത്തിയത്. ആശുപത്രിയിലെത്തുമ്പോള്‍ പ്രമേഹം കൂടിയ നിലയിലായിരുന്നു. ഐസൊലേഷനില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സ നല്‍കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതര ന്യൂമോണിയയാണെന്നാണ് പ്രാഥമിക നിഗമനം.

 

അതേസമയം 52 ലോക രാജ്യങ്ങളില്‍ കൊവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 191 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 181 പേര്‍ വീടുകളിലും 10 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന എട്ട് പേരെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. സംശയാസ്പദമായവരുടെ 485 സാമ്പിളുകള്‍ എന്‍ഐവി യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 471 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. 

നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയില്ല. 

ഇറ്റലിയിലും ഇറാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനത്തിൽ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചു. ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ ആളുകളും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. 

റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരേണ്ടതാണ്. രോഗ ലക്ഷണമില്ലാത്തവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമുള്ളവര്‍ ജില്ലകളിലെ ഐസോലേഷന്‍ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണം.

Follow Us:
Download App:
  • android
  • ios