ആലപ്പുഴ: ആലപ്പുഴയിൽ കൊറോണ സ്ഥിരീകരിച്ചത് വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഹൗസ് ബോട്ടുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലെ ബുക്കിംങ് കുറഞ്ഞു. വിദേശ സഞ്ചാരികളുടെ സംസ്ഥാനത്തേക്കുള്ള വരവ് കുറഞ്ഞത് വരും ദിവസങ്ങളിൽ മേഖലയെ കൂടുതൽ തളർത്തുമെന്ന ആശങ്കയുണ്ട്.

പുന്നമടയിലെ ഫിനിഷിംഗ് പോയിന്‍റില്‍ ഇപ്പോള്‍ പതിവ് തിരക്കില്ല. കായൽ സൗന്ദര്യം ആസ്വദിക്കാനുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു. ആലപ്പുഴയിൽ ജൂൺ മാസം വരെ വിനോദസഞ്ചാര സീസണാണ്. പക്ഷെ ഹൗസ് ബോട്ടുകൾ സഞ്ചാരികളുടെ വരവും കാത്ത് കിടപ്പാണ്.

റിസോർട്ടുകളിലും ഹോം സ്റ്റേകളിലും തിരക്കില്ല. വിദേശവിനോദസഞ്ചാരികൾ ബുക്കിംഗ് റദ്ദാക്കുന്നത് കൂടി വരുന്നു. ഭക്ഷണശാലകളിലും വാണിജ്യ കേന്ദ്രങ്ങളിലും വരുമാനം കുറഞ്ഞു. അതേസമയം, കൊറോണ ഭീതി നേരിടാൻ ടൂറിസം മേഖലയിൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

അതേ സമയം സംസ്ഥാനത്ത് കൊറോണക്കെതിരെ ജാഗ്രത തുടരുന്നു. വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നു. പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആശുപത്രികളിൽ ആകെ 100 പേർ നിരീക്ഷണത്തിലാണ്. 2421 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. ചൈനയിൽ നിന്ന് വന്നവർ വീടുകളിൽ തന്നെ തങ്ങണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 

ആലപ്പുഴയിൽ മൂന്ന് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 182 പേർ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 15 പേർ ആശുപത്രികളിലെ ഐസലേഷൻ വാർഡുകളിലാണ്. 25 സാമ്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ പതിനൊന്ന് എണ്ണത്തിന്‍റെ ഫലം ലഭിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിയുടെ സാമ്പിള്‍ ഒഴികെ മറ്റെല്ലാം നെഗറ്റീവ് ആണ്. കൂടുതൽ പേർ രോഗലക്ഷണങ്ങളുമായി എത്തിയാൽ ചികിത്സ നൽകുന്നതിന് സ്വകാര്യ ആശുപത്രികളിലടക്കം ഐസലേഷൻ വാ‍ർഡുകളും സജ്ജമാണ്.