തിരുവനന്തപുരം: താമസിക്കാൻ റൂം കിട്ടുന്നില്ല പരാതി പറയാൻ കമ്മീഷണര്‍ ഓഫീസിൽ എത്തിയ ചൈനീസ് പൗരനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിലെ കൊറോണ ഐസലേഷൻ വാർഡിലേക്ക് മാറ്റി.  കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. താമസിക്കാൻ ഹോട്ടലുകളിൽ മുറി നൽകുന്നില്ല എന്ന പരാതിയുമായി തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിൽ എത്തിയ ചൈന സ്വദേശിയായ  ജിഷോയു ഷാഒ (25) ആണ് പൊലീസ് ജനറൽ ആശുപത്രിയിലെ ഐസലേഷൻ  വാർഡിലേക്ക് മാറ്റിയത്. 

ജനുവരി 23നാണ് ഇയാൾ ചൈനയിൽ നിന്ന് ദില്ലിയില്‍ എത്തിയതെന്ന് പറയുന്നു. അവിടെ നിന്ന് അടുത്തിടെ തലസ്ഥാനത്ത് എത്തിയ ഇദ്ദേഹത്തിന് താമസത്തിന് മുറി നൽകാൻ ആരും തയ്യാറായില്ല. തുടർന്ന് പരാതി പറയാൻ കമ്മീഷണര്‍ ഓഫീസിൽ എത്തിയതായിരുന്നു ഇദ്ദേഹം. വിവരങ്ങൾ ചോദിച്ചറിഞ്ഞ കമ്മീഷണര്‍ ഓഫീസ് ഉദ്യോഗസ്ഥർ ഇയാളുടെ പക്കലുള്ള രാജീവ് ഗാന്ധി ബയോടെക്‌നോളജിയിലെ ടെസ്റ്റ് റിസൾട്ടുകൾ പരിശോധിച്ചു.  തുടര്‍ന്ന് ആംബുലൻസ് വരുത്തി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിരീക്ഷണത്തിനായാണ് ഇയാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.