ദില്ലി: ചൈനയിലെ കൊറോണവൈറസ് ബാധിത നഗരമായ ഹുബെയ് പ്രവിശ്യയിൽ നിന്ന് ഒഴിപ്പിച്ച് ദില്ലിയിലെത്തിച്ച ഇന്ത്യക്കാരിൽ അഞ്ച് പേരെ കന്‍റോൺമെന്‍റ് സൈനികാശുപത്രിയിലേക്ക് മാറ്റി. ചുമയും ജലദോഷവും അനുഭവപ്പെട്ടവരെയാണ് മാറ്റിയത്. 

കൊറോണ വൈറസ് ഏറ്റവും ഗുരുതരമായി ബാധിച്ച ഹുബെയ് പ്രവിശ്യയിൽ നിന്ന് എത്തിയവരായതിനാൽ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ചൈനയിൽ നിന്ന് ഒഴിപ്പിച്ച് തിരികെ ഇന്ത്യയിലെത്തിയ 247 പേരോടൊപ്പം ദില്ലിക്ക് അടുത്തുള്ള മനേസറിൽ സൈന്യം സജ്ജീകരിച്ച ക്വാറന്‍റൈൻ ക്യാമ്പിൽ കഴിയുകയായിരുന്നു ഇവരെല്ലാവരും. ദില്ലി കന്‍റോൺമെന്‍റിലെ സൈന്യത്തിന്‍റെ ബേസ് ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇവിടെ എല്ലാവരെയും വെവ്വേറെ ഐസൊലേഷൻ വാർഡിലാകും പാർപ്പിക്കുക.

കൊറോണവൈറസ് ബാധയുടെ ആദ്യലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാലാണ് ഇവരെ അടിയന്തരമായി മാറ്റിയതെന്ന് ഡോക്ടർമാർ അറിയിച്ചു. പനി, വരണ്ട ചുമ, ശ്വാസതടസ്സം എന്നിവയാണ് ഇവർക്ക് അനുഭവപ്പെട്ടിരിക്കുന്നത്. ഇവരുടെയെല്ലാവരുടെയും ഫലം പരിശോധിക്കാനായി എയിംസ് ആശുപത്രിയിലെ ലാബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.

ബാക്കിയുള്ളവരെല്ലാം കർശനനിരീക്ഷണത്തിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. ചൈനയിൽ നിന്ന് വന്നവരെല്ലാവരും, 19 ദിവസത്തെ നിരീക്ഷണത്തിൽ തുടരും. അതിന് ശേഷമേ, ഇവരെ വീടുകളിലേക്ക് അയക്കൂ. വീടുകളിലേക്ക് പോയാലും വിവാഹം പോലുള്ള പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതിന് നിയന്ത്രണമുണ്ടാകും. 

അതേസമയം, ചൈനയിലേക്ക് യാത്ര ചെയ്തവരിൽ ജാഗ്രതാ നിർദേശം വേണമെന്ന് വീണ്ടും കേന്ദ്ര വിദേശകാര്യമന്ത്രാലയവും കേന്ദ്ര വിദേശകാര്യമന്ത്രാലയവും വീണ്ടും നിർദേശിച്ചു. ചൈനയിലേക്ക് യാക്ര ഒഴിവാക്കണം. ഒപ്പം, ജനുവരി 15-നോ ശേഷമോ ചൈനയിൽ നിന്ന് തിരികെ വന്ന എല്ലാവരും അതാത് സ്ഥലങ്ങളിലെ ഡോക്ടർമാരുമായും ആശുപത്രികളുമായും ബന്ധപ്പെടണം. ഐസൊലേഷൻ വാർഡുകളിലേക്ക് മാറണം. ചൈനയിലേക്കും തിരിച്ചുമുള്ള ഇ- വിസ റദ്ദാക്കിയ നടപടി തുടരുമെന്നും സർക്കാർ. 

ആഗോളവ്യാപകമായി 17,300 പേർ കൊറോണവൈറസ് ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് കഎണക്ക്. ഇതിൽ 17, 205 പേരും ചൈനയിലാണ്. 22 പേർ ഹോങ്കോങിലും മക്കാവുവിലുമാണ്. 20 കേസുകൾ ജപ്പാനിലും റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇന്നാണ് ചൈനയിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളിൽ മൂന്നാമത്തെയാൾക്കും കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരണം ലഭിച്ചത്. ഇതോടെ ഇന്ത്യയിൽ സ്ഥിരീകരിച്ച മൂന്നാമത്തെ കൊറോണ വൈറസ് ബാധയായി ഇത്. മൂന്ന് കേസുകളും കേരളത്തിലാണ്.