ആലപ്പുഴ: കൊറോണ വൈറസ് ബാധിച്ച് ആലപ്പുഴയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചു. വിദ്യാർത്ഥിയുടെ പരിശോധനാ റിപ്പോർട്ടുകളെല്ലാം നെഗറ്റീവായതിനെ തുടർന്നാണ് തീരുമാനം. പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് ലഭിച്ച റിപ്പോർ‍ട്ടുകളും കൊറോണ നെഗറ്റീവ് ആയതോടെയാണ് വിദ്യാർത്ഥിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. നാളെ രാവിലെയായിരിക്കും വിദ്യാ‌‌‌ർത്ഥിയെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വിടുക. 

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെങ്കിലും നിരീക്ഷണം ആരംഭിച്ചത് മുതൽ ഇരുപത്തെട്ട് ദിവസം എന്ന കണക്കനുസരിച്ച് ഈ മാസം 26 വരെ വിദ്യാർത്ഥിയെ വീട്ടിൽ നിരീക്ഷണത്തിൽ നിർത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ആലപ്പുഴ ജില്ലയിൽ ആരും കൊറോണ ബാധയെ തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലില്ല. 139 പേർ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.