തിരുവനന്തപുരം: തൽക്കാലം കൊറോണഭീതിയൊഴി‌ഞ്ഞ് കേരളം. കൊറോണ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്ന ആർക്കും കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനാഫലം പുറത്തുവന്നു. നാല് സാമ്പിളുകളാണ് കേരളത്തിൽ നിന്ന് അയച്ചിരുന്നത്. ഇതിൽ നാലിലും കൊറോണ വൈറസിന്‍റെ സാന്നിധ്യം നെഗറ്റീവാണ്. നേരത്തേ രണ്ട് സാമ്പിളുകൾ അയച്ച് നൽകിയതും നെഗറ്റീവായിരുന്നു.

കേരളത്തിന് ആശ്വാസമാണ് പുതിയ പരിശോധനാഫലം. എങ്കിലും ആശുപത്രികളിലടക്കം ജാഗ്രതാ നിർദേശം തുടരാൻ തന്നെയാണ് തീരുമാനം. 288 പേരാണ് കൊറോണ രോഗലക്ഷണങ്ങളുണ്ടെന്ന നിഗമനത്തിൽ കേരളത്തിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ പ്രകടമായ ലക്ഷണങ്ങൾ കാണിച്ച ആറ് പേരുടെ പരിശോധനാഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. 

ഏതെങ്കിലും കേസുകൾ കൊറോണ പോസിറ്റീവായാൽ നേരിടാനുള്ള ഉപകരണങ്ങൾ അടക്കം എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ നേരത്തേ വ്യക്തമാക്കിയിരുന്നു.  വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരെ കണ്ടെത്താൻ ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത്. പ്രാദേശികമായി ആരോഗ്യപ്രവർത്തകരെ കൃത്യമായി വിവരമറിയിക്കണം. നിരന്തരമായി അവരുമായി സമ്പർക്കം പുലർത്തണം - മന്ത്രി പറഞ്ഞു.

കോറോണവൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമായി കാണാൻ 28 ദിവസമെടുത്തേക്കുമെന്നതാണ് ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം. ലക്ഷണങ്ങൾ കാണുന്നതിന് മുമ്പ് തന്നെ പടരാനും സാധ്യതയുണ്ട്. അതിനാൽ, പനി ബാധിച്ച നിലയിലുള്ള എല്ലാവരും കൃത്യമായി തൊട്ടടുത്തുള്ള പ്രധാന ആരോഗ്യകേന്ദ്രത്തിലെത്തിത്തന്നെ ചികിത്സ തേടണം - ആരോഗ്യമന്ത്രി പറഞ്ഞു. 

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിലും മെഡിക്കൽ കോളജിലും ഒരുക്കിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ കേന്ദ്ര സംഘം കൊച്ചിയിൽ എത്തി വിലയിരുത്തിയിരുന്നു. ക്രമീകരണങ്ങളിലും ആശുപത്രികളിൽ സജ്ജീകരിച്ച ഐസൊലേഷൻ വാർഡുകളിലും കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തി.