കളമശ്ശേരി: മൂന്നാറിൽ നിരീക്ഷണത്തിൽ കഴിയവേ നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലേയ്ക്ക് മടങ്ങാൻ ശ്രമിച്ച ബ്രിട്ടീഷ് പൗരൻ രോഗമുക്തനായെന്ന് എറണാകുളം ജില്ല ഭരണ കൂടം. എച്ച്ഐവി ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഇദ്ദേഹത്തിന് നൽകിയിരുന്നത്. മറ്റ് അഞ്ചു പേരുടെയും തുടര്‍ പരിശോധനഫലം നെഗറ്റീവവാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഇറ്റലിയിൽ നിന്നെത്തി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മൂന്ന് വയസ്സുകാരന്റെയും മാതാപിതാക്കളുടെയും സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി. മൂന്നാറിൽ ക്വാറന്‍റെയിനില്‍ കഴിയുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദുബായിലേക്ക് പോകാൻ ശ്രമിച്ച ബ്രിട്ടീഷ് പൗരന്‍റെയും ഈ സംഘത്തിലെ മറ്റ് രണ്ട് പേരുടെയും തുടർ പരിശോധന ഫലവും നെഗറ്റീവാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

മെഡിക്കൽ ബോർഡ് തീരുമാനം അനുസരിച്ചാകും ഇവരെ ഡിസ്ചാർജ് ചെയ്യുക. 57 വയസ്സുള്ള ബ്രിട്ടീഷ് പൗരന് കഴിഞ്ഞ ഏഴ് ദിവസമായി എച്ച്ഐവി ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകൾ നൽകിയിരുന്നു. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്‍റെയും രോഗിയുടെയും അനുമതിയോടെയാണ് റിറ്റോനാവിര്‍, ലോപ്പിനാവിര്‍ എന്നീ മരുന്നുകള്‍ നൽകിയത്. മരുന്ന് നൽകി മൂന്നാം ദിനം നടത്തിയ പരിശോധനയിൽ തന്നെ ബ്രിട്ടീഷ് പൗരന്‍റെ പരിശോധന ഫലം നെഗറ്റീവായിരുന്നു. 

മാര്‍ച്ച് 23 ന് ലഭിച്ച സാമ്പിള്‍ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് ഇയാൾ രോഗമുക്തനായെന്ന് അധികൃതര്‍ ഔദ്യോഗികമായി പുറത്തു വിട്ടത്. ഇയാൾക്ക് ന്യൂമോണിയ ബാധയുള്ളതിനാൽ ഇതിനുള്ള ചികിത്സ തുടരുകയാണ്. കൊവിഡ് ഫലം നെഗറ്റീവ് ആയതിനാല്‍ സ്വദേശത്തേക്ക് മടങ്ങുകയോ ഇവിടെ ചികിത്സ തുടരുകയോ ചെയ്യാം. 

ജയ്പൂരിലെ എസ് എം എസ് ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജിലുമാണ് ഇന്ത്യയിൽ എച്ച് ഐ വി ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നൂകള്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ജില്ലയില്‍ ആശുപത്രികളിലും, വീടുകളിലും ആയി നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3308 ആണ്.