സിപിഎം നേതൃത്വത്തിന്‍റെ ഒത്താശയിലാണ് വാടകക്കാരന്‍ കെട്ടിടം പൊളിച്ചതെന്നാണ് കോണ്‍ഗ്രസിന്‍റെയും പ്രതിപക്ഷത്തിന്‍റെയും ആരോപണം

തൃശൂർ: കോർപറേഷൻ പാട്ടത്തിന് നൽകിയ ഗസ്റ്റ് ഹൗസ് മന്ദിരം വാടകക്കാരൻ പൊളിച്ചത് വിവാദത്തില്‍. വാടകക്കാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തൃശ്ശൂർ കോർപറേഷൻ മേയർ വ്യക്തമാക്കി. വാടകക്കാരനും കോർപറേഷൻ ഭരണസമിതിയും അഴിമതി നടത്താൻ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

തൃശൂർ സ്വരാജ് റൗണ്ടിൽ 40 വർഷം പഴക്കമുള്ള കോർപറേഷൻ ഗസ്റ്റ് ഹൗസ് ആണ് ബിനി ഹോട്ടൽ. തൃശൂരിലെ ബാര്‍ നടത്തിപ്പുകാരനായ വികെ അശോകനായിരുന്നു ഇത് ഏറ്റടുത്ത് നടത്തിയിരുന്നത്. വാടക കൂട്ടി പുതിയ ആൾക്കു നൽകാൻ കോർപറേഷൻ ടെൻഡർ വിളിച്ചു. 

ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഓസ്കറിന്റെ ഉടമ ജിനീഷിനായിയുന്നു ടെണ്ടര്‍ കിട്ടിയത്. പ്രതിമാസം ഏഴലക്ഷം രൂപ വാടക. ഒരു കോടി രൂപ അഡ്വാൻസ്. ഈ തുക ഗഡുക്കളായി നൽകാൻ കോർപറേഷൻ തന്നെ ഒത്താശ ചെയ്തതായാണ് ആരോപണം. ഒരു കോടി രൂപ ബാങ്ക് ഗാരൻഡി വേണമെന്ന നിബന്ധനയും പാലിക്കപ്പെട്ടിട്ടില്ല. 29 ലക്ഷം രൂപയുടെ ആദ്യ ഗഡു അടച്ചതിനു പിന്നാലെ കെട്ടിടം അറ്റകുറ്റപ്പണിയുടെ പേരില്‍ പൊളിക്കല്‍ തുടങ്ങി. കോർപറേഷൻ നേതൃത്വം മൗനം പാലിച്ചു. പ്രതിപക്ഷം പ്രതിഷേധിച്ചതിന് പിന്നാലെ മേയര്‍ നേരിട്ടെത്തി പൊളിക്കല്‍ നിര്‍ത്തിച്ചു.

സിപിഎം നേതൃത്വത്തിന്‍റെ ഒത്താശയിലാണ് വാടകക്കാരന്‍ കെട്ടിടം പൊളിച്ചതെന്നാണ് കോണ്‍ഗ്രസിന്‍റെയും പ്രതിപക്ഷത്തിന്‍റെയും ആരോപണം. മേയറെ തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു. അനുമതിയില്ലാതെ കെട്ടിടം പൊളിച്ചിട്ടും കോർപറേഷന്‍ ഇതുവരെ പൊലീസിന് പരാതി നൽകിയിട്ടില്ല. നിയമ നടപടി സ്വീകരിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.