Asianet News MalayalamAsianet News Malayalam

കൊല്ലം നഗരസഭയില്‍ 'എൽഇഡി' വിവാദം; അഴിമതിക്ക് നീക്കമെന്ന് ആരോപണം

എൽ ഇ ഡി ആകുമ്പോള്‍ വലിയ തോതില്‍ വൈദ്യുതി ലാഭിക്കാനാകുമെന്നും അധിക ലാഭം എടുക്കാൻ കരാര്‍ കമ്പനിക്ക് കഴിയമെന്നും ഇത് അഴിമതിക്കുള്ള നീക്കമാണെന്നുമാണ് ആരോപണം. 

corruption allegations against kollam corporation on street lights
Author
Kollam, First Published Jun 10, 2020, 12:59 PM IST

കൊല്ലം: കൊല്ലം നഗരസഭയില്‍ തെരുവ് വിളക്കുകള്‍ എൽ ഇ ഡി ആക്കുന്ന കരാരില്‍ അഴിമതിക്ക് നീക്കമെന്ന് ആരോപണം. പൊതുമേഖല സ്ഥാപനങ്ങളെ ഒഴിവാക്കി മുംബൈ ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് കരാര്‍ നൽകാൻ തീരുമാനിച്ചതോടെയാണ് അഴിമതി ആരോപണം ഉയര്‍ത്തി സിപിഐയുട മേയര്‍ തന്നെ രംഗത്തെത്തിയത്. സിപിഎമ്മിന്‍റെ വി രജേന്ദ്രബാബു മേയറായിരിക്കെയാണ് കരാര്‍ ഒപ്പിട്ടത്. വിവാദമായതോടെ അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടു.

കൊല്ലം നഗരസഭ പരിധിയിലെ 23733 തെരുവ് വിളക്കുകളാണ് എല്‍ ഇ ഡി ബള്‍ബുകള്‍ ആക്കി മാറ്റുന്നത്. ഇതിനായി ടെണ്ടര്‍ വിളിച്ചപ്പോൾ കെല്‍ട്രോണ്‍, കൊല്ലം മീറ്റര്‍ കമ്പനി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുത്തു. പൊതുമേഖല സ്ഥാപനങ്ങളെ തള്ളി കരാര്‍ നേടിയത് മുംബൈ ആസ്ഥാനമായ ഇ സ്മാര്‍ട്ട് കമ്പനിയാണ്. എനര്‍ജി സേവിങ്സ് പദ്ധതി പ്രകാരം നഗരസസഭ ഇപ്പോള്‍ തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിന്‍റെ വൈദ്യുതി ബില്‍ തുക, 31 ലക്ഷം രൂപ അതേപടി കമ്പനിക്ക് നല്‍കും. അതില്‍ നിന്ന് കമ്പനി ബില്‍ അടക്കണം. എല്‍ ഇ ഡി ആയതിനാല്‍ ഇത്രയും തുക ബില്‍ വരില്ല. അതിനാല്‍ ലാഭം ഉറപ്പ്. ഈ ലാഭ വിഹിതത്തില്‍ 10 ശതമാനം കോര്‍പറേഷന് നല്‍കണം. ഇതാണ് കരാര്‍ വ്യവസ്ഥ. 

ഏതെങ്കിലും ബള്‍ബ് കേടായാല്‍ 48 മണിക്കൂറിനകം അത് മാറ്റണം. ഇല്ലെങ്കില്‍ ദിവസത്തിന് 25 രൂപ വീതം നഗരസഭയ്ക്ക് നൽകണമെന്നും കരാറിലുണ്ട്. എന്നാല്‍ ഈ കരാറാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളെ എന്തിന് ഒഴിവാക്കി എന്നാണ് ചോദ്യം. മാത്രവുമല്ല, എൽ ഇ ഡി ആകുമ്പോള്‍ വലിയ തോതില്‍ വൈദ്യുതി ലാഭിക്കാനാകുമെന്നും അധിക ലാഭം എടുക്കാൻ ഇ സ്മാര്‍ട്ടിന് കഴിയമെന്നും ഇത് അഴിമതിക്കുള്ള നീക്കമാണെന്നുമാണ് ആരോപണം. സിപിഎം മേയര്‍ ഒപ്പിട്ട കരാറിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ടഭിപ്രായമുണ്ട്. നിലപാട് പരസ്യമാക്കി സിപിഐ രംഗത്തെത്തി. എന്നാല്‍, വൈദ്യുതി ചാര്‍ജ് കൂടിയതോടെ കരാര്‍ കിട്ടിയ ഇ സ്മാര്‍ട്ട് കമ്പനി കൂടുതൽ തുക ആവശ്യപ്പെട്ടു. ഇതോടെ നടപടികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല.

Follow Us:
Download App:
  • android
  • ios