കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. മസ്ക്കറ്റിലെ മിഡിൽ ഈസ്റ്റ് കോളേജിൽ ജോലി ചെയ്യുന്ന  ലഫീർ മുഹമ്മദ്, സ്പീക്കറുടെ സുഹൃത്തായ നാസ് അബ്ദുള്ള എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. 

ശിവശങ്കറും സ്വപ്‌നയും മസ്ക്കറ്റിലെ മിഡിൽ ഈസ്റ്റ് കോളേജ് സന്ദർശിച്ചതുമായി ബന്ധപ്പെട്ടാണ് ലഫീർ മുഹമ്മദിനെ ചോദ്യം ചെയ്യുന്നത്. സ്വപ്നക്ക് ഈ കോളേജിൽ ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടിരുന്നു എന്നാണ് വിവരം.

സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെയും മന്ത്രി കെ ടി ജലീലിന്റെയും സുഹൃത്താണ് കസ്റ്റംസ് ചോദ്യം ചെയ്യുന്ന മറ്റൊരാളായ നാസ് അബ്ദുള്ള. സ്പീക്കർ ഉപയോഗിക്കുന്ന  ഒരു സിം നാസിൻ്റെ പേരിലുള്ളതാണ്. സ്വർണക്കടത്ത് കേസ് വന്ന ജൂലൈ മുതൽ ഈ സിം കാർഡ് സ്വിച്ച് ഓഫ്‌ ആണ്. 

അതേസമയം,  വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് കസ്റ്റംസിന് അനുമതി നൽകിയത്. 

കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയായ ശിവശങ്കർ നിലവിൽ റിമാൻഡിലാണ്.