കൊച്ചി: നിരവധിത്തവണ കോൺസുൽ ജനറലും, അറ്റാഷേയും വിദേശത്തേയ്ക്ക്  ഡോളർ കടത്തിയിരുന്നതായി കസ്റ്റംസ് റിപ്പോർട്ട്. ആദ്യം ഡോളർ കടത്തിയത് കോൺസുൽ ജനറലും, അറ്റാഷേയുമായിരുന്നു. ഇവരുടെ മാതൃകയിലാണ് സ്വപ്നയും സരിത്തും ഖാലിദും ഒമാനിലേയ്ക്ക് ഡോളർ കടത്തിയതെന്നാണ്കസ്റ്റംസ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

ഡോളര്‍ കടത്ത്  കേസിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെയും സരിത്തിനെയും അറസ്റ്റ് ചെയ്യാൻ അനുമതി തേടി കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പിലാണ് ഇക്കാര്യങ്ങളുള്ളത്. റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു.  

സ്വപ്നയും, സരിത്തും, ഖാലിദും ഒരുമിച്ചാണ് ഒമാനിലേക്ക് യാത്ര ചെയ്തത്. ഖാലിദിന്റെ ഹാന്റ് ബാഗിലാണ് ഡോളർ ഒളിപ്പിച്ച് വച്ചത്. വിദേശയാത്ര നടത്തുന്നതിന് മുമ്പ് കോൺസുലേറ്റിലെ എക്സ് റേ മിഷ്യനിൽ ഡമ്മി പരിശോധന നടത്തി. ഡോളർ വിമാനത്താവളത്തിൽ പിടികൂടുമോ എന്നറിയാനായിരുന്നു ഡമ്മി പരിശോധന നടത്തിയത്. എല്ലാ ഡോളർ കടത്തിലും വിമാനത്താവളത്തിൽ സഹായം ചെയ്തത് സ്വപ്നയും സരിത്തുമായിരുന്നുവെന്നും കസ്റ്റംസ് റിപ്പോർട്ടിലുണ്ട്.