കൊച്ചി: വിമാനത്താവള സ്വർണക്കളളക്കടത്ത് കേസിൽ മുഖ്യപ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. സ്വപ്ന  സുരേഷ്, സന്ദീപ്, സരിത് എന്നിവരെ വീണ്ടും ചോദ്യം ചെയ്യുന്നതിനാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കോടതി കസ്റ്റംസിന് അനുമതി നൽകിയത്. പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. പ്രതികളിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ ജയിൽ വാർഡന്‍റെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യൽ.

സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുടെ മൊബൈൽ ഫോണിൽ ലഭിച്ച വിവരങ്ങളുടെ പകർപ്പ് എൻഐഎ കഴിഞ്ഞ ദിവസം  കസ്റ്റംസിന് കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക. സ്വപ്ന അടക്കമുളള പ്രതികളുമായി  നടത്തിയ വാട്സ് അപ്, ടെലിഗ്രാം ചാറ്റുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസലിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ നാളെ വീണ്ടും കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരിലേക്ക് കൂടി അന്വേഷണം നീളേണ്ടതുണ്ടെന്ന് എൻഐഎയാണ് കൊച്ചിയിലെ കോടതിയെ അറിയിച്ചത്. വിദേശത്തുളള ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെക്കൂടി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത കൈവരൂ. നയതന്ത്ര ചാനലിന്‍റെ മറവിൽ നൂറുകോടിയോളം രൂപയുടെ കളളക്കടത്താണ് പ്രതികൾ നടത്തിയതെന്നും എൻഐഎ കോടതിയെ അറിയിച്ചു.