നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇന്നലെയും ഇന്നും കൗൺസിലിംഗ്. ജില്ലാ നിയമസഹായ വേദിയുടെ കൗൺസിലിംഗ് റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും വിധി പ്രസ്താവിക്കുക.
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് കൗൺസിലിംഗ്. ഇന്നലെയും ഇന്നും കൗൺസിലിംഗ് നൽകി. ജില്ലാ നിയമസഹായ വേദിയുടെ കൗൺസിലിംഗ് റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ട് സമർപ്പിച്ച ശേഷമാകും വിധി പ്രസ്താവിക്കുക. നാളെയാണ് ചെന്താമരയ്ക്കുള്ള ശിക്ഷാവിധി കോടതി പുറപ്പെടുവിക്കുന്നത്. എന്നാൽ, ശിക്ഷാവിധി നാളെ പ്രഖ്യാപിക്കാൻ സാധ്യത കുറവാണെന്ന് പ്രോസിക്യൂട്ടർ എം ജെ വിജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. മിറ്റിഗേഷൻ റിപ്പോർട്ട് ലഭിച്ചശേഷം കോടതിയിൽ വാദം തുടർന്നേക്കും. പ്രതിയെ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. അതിനാൽ വിധി നാളെ ഉണ്ടായേക്കില്ലെന്നും പ്രോസിക്യൂട്ടർ പറയുന്നു.
പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതിഭാഗത്തിന്‍റെയും വാദിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായി. ചെന്താമര സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സമൂഹത്തിന് തന്നെ ആപത്താണെന്നും വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രതി കുറ്റകൃത്യം നടത്താൻ ഇനിയും സാധ്യതയുണ്ട്. ഗാന്ധിജിയല്ല താൻ എന്ന മനോഭാവം തന്നെ അതിനുദാഹരണമാണ്. അതേ സമയം മാനസാന്തരപ്പെടാൻ അവസരം നൽകണമെന്നാണ് പ്രതിഭാഗം വാദിച്ചത്. മുൻകാല സ്വഭാവം പരിഗണിക്കരുതെന്നും സാഹചര്യ തെളിവാണുള്ളത്, പ്രത്യക്ഷ തെളിവില്ലെന്നും പ്രതിഭാഗം വാദത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
