സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഹൈക്കോടതി ഒഴിവാക്കി. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് പരാതിക്കാരനായ മല്ലേലിൽ ശ്രീധരൻ നായർ അറിയിച്ചതിനെ തുടർന്നാണ് നടപടി. കേസ് കോടതിക്ക് പുറത്ത് പരിഹരിച്ചെന്നും ഇദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: ‌സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. മല്ലേലിൽ ശ്രീധരൻ നായർ നൽകിയ കേസിൽ നിന്നാണ് ടെന്നി ജോപ്പനെ ഒഴിവാക്കിയത്. കേസിൽ മൂന്നാം പ്രതിയായിരുന്നു ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പൻ. സരിത നായർക്ക് പണം കൊടുക്കാൻ ജോപ്പൻ സമ്മർദ്ദം ചെലുത്തി എന്ന മല്ലേലി ശ്രീധരൻ നായരുടെ മൊഴിപ്രകാരമാണ് ടെന്നി ജോപ്പനെ പ്രതിചേർത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ടെന്നി ജോപ്പൻ ഈ കേസിൽ അറസ്റ്റിലായിരുന്നു. സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഏക അറസ്റ്റായിരുന്നു ടെന്നി ജോപ്പന്റേത്.

ടെന്നി ജോപ്പനെതിനെ കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് ശ്രീധരൻ നായർ ഹൈക്കോടതി അറിയിച്ചിരുന്നു. ജോപ്പനെതിരായ കേസ് കോടതിക്ക് പുറത്ത് പരിഹരിച്ചെന്നും കോടതിയെ അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അനുമതി നൽകിയത്. പത്തനംതിട്ട കോന്നി പൊലീസ് ജില്ല JFMC കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ വിചാരണ തുടങ്ങിയിരുന്നില്ല. കുറ്റപത്രം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ടെന്നി ജോപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ടെന്നി ജോപ്പന്റെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.