രാജ്യത്തെ തന്നെ വനിതകളുടെ ആദ്യ മാള്‍ എന്ന നിലയില്‍ മഹിളാമാള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.  ആറുനിലകളിലായി 79 കടമുറികള്‍. യൂണിറ്റി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പത്ത് സ്ത്രീകള്‍ ചേര്‍ന്ന് തുടങ്ങിയ മാളിന് കുടുംബശ്രീ ജില്ലാ മിഷന്‍റെയും കോര്‍പ്പറേഷന്‍റെയും സഹകരണമുണ്ടായിരുന്നു.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനും അഞ്ചുമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത മഹിളാമാള്‍ പൂട്ടാന്‍ തീരുമാനം. കച്ചവടം ഇല്ലാത്തതിനാല്‍ സംരംഭകര്‍ കൂട്ടത്തോടെ പിന്‍മാറിയതും വന്‍ വാടകക്കുടിശ്ശികയുമാണ് തീരുമാനത്തിലേക്ക് നയിച്ചത്. ഇതോടെ മഹിളാമാളില്‍ കച്ചവടം തുടങ്ങിയ നിരവധി സ്ത്രീകള്‍ കടക്കെണിയിലായി. 

2018 നവംബര്‍ 24 ന് ആയിരുന്നു പ്രൗഢഗംഭീരമായ ചടങ്ങില്‍ മഹിളാമാള്‍ ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ തന്നെ വനിതകളുടെ ആദ്യ മാള്‍ എന്ന നിലയില്‍ മഹിളാമാള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ആറുനിലകളിലായി 79 കടമുറികള്‍. യൂണിറ്റി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പത്ത് സ്ത്രീകള്‍ ചേര്‍ന്ന് തുടങ്ങിയ മാളിന് കുടുംബശ്രീ ജില്ലാ മിഷന്‍റെയും കോര്‍പ്പറേഷന്‍റെയും സഹകരണമുണ്ടായിരുന്നു. മാള്‍ തുടങ്ങി നാലോ അഞ്ചോ മാസം എല്ലാ കടകളിലും മെച്ചപ്പെട്ട കച്ചവടമായിരുന്നു . ക്രമേണ കുറഞ്ഞു. ചിലര്‍ കടകള്‍ തുറക്കാതെയായി. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തെ ലോക്ഡൗണിന് പൂട്ടിയ ശേഷം പിന്നെ തുറന്നതേയില്ല. ജൂണ്‍ മാസം ആദ്യ വാരം സംസ്ഥാനത്തെ മറ്റ് മാളുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും വാടകക്കുശ്ശികയുടെ പേര് പറഞ്ഞ് മഹിളാ മാള്‍ മാത്രം തുറന്നില്ല. ഒടുവില്‍ ഒരാഴ്ച മുമ്പ് മാള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തെന്നും മുപ്പത് ദിവസത്തിനകം കട ഒഴിവാകണമെന്നും കാണിച്ച് സംരഭകര്‍ക്ക് കുടുംബശ്രീ നോട്ടീസ് നല്‍കിയിരിക്കുകയാണിപ്പോള്‍.

രാജ്യത്തെ ആദ്യ 'മഹിളാ മാള്‍' കോഴിക്കോട്ട്‍; വ്യവസായ രംഗത്തെ പുത്തൻചുവടുവെപ്പിന് പിന്നിൽ കുടുംബശ്രീ

ആകെയുണ്ടായിരുന്ന 79 കച്ചവടക്കരായ സ്ത്രീകളില്‍ ബഹുഭൂരിപക്ഷം പേരും ഇന്ന് കടുത്ത സാമ്പത്തീക ബാധ്യതയിലാണ്. പലരുടെ സാധനങ്ങള്‍ മാസങ്ങളായി അടച്ച് പൂട്ടിയതിനെത്തുടര്‍ന്ന് നശിച്ചുതുടങ്ങി. തുറക്കാത്തതിനാല്‍ അതൊന്ന് എടുക്കാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല. കടക്കെണിയില്‍ കുടുങ്ങിയ സംരംഭകരില്‍ കൂടുതല്‍ പേരോടും പണം ഇനിയും അടക്കണമെന്നാണ് വക്കീല്‍ നോട്ടീസ്. കൂടിയ വാടകയും നടത്തിപ്പുകാര്‍ ശരിയായ രീതിയില്‍ ഇടപെടാത്തതുമാണ് മാളിന്‍റെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് സംരംഭകര്‍ പറയുന്നത്. എന്നാല്‍ സംരംഭകര്‍ വാടകക്കുടിശ്ശിക തരാന്‍ തയ്യാറാവാത്തതാണ് മാള്‍ പൂട്ടുന്നതിലേക്ക് നയിച്ചതെന്നാണ് യൂണിറ്റി കുടുംബശ്രീ ഗ്രൂപ്പിന്‍റെ വിശദീകരണം.