തിരുവനന്തപുരം: റെയില്‍വേ ട്രാക്കിലൂടെ ബൈക്കോടിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്ന സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. കഴിഞ്ഞ 20-ാം തിയ്യതി രാത്രിയാണ് സംഭവം നടന്നത്. പരുത്തിവിള സ്വദേശികളായ അജിത്, ഭാര്യ ആതിര എന്നിവരാണ് പിടിയിലായത്. 

നെയ്യാറ്റിന്‍കരയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് അജിത്ത് റെയില്‍വേ ട്രാക്കിലേക്ക് വാഹനമോടിച്ച് കയറ്റുകയുമായിരുന്നെന്ന് ഭാര്യ  പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ചെന്നൈ-ഗുരുവായൂര്‍ എക്സ്പ്രെസ് കടന്നു പോകുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം. ട്രാക്കിലൂടെ ബൈക്കോടിക്കുന്നത് കണ്ടതിനെതുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് കീപ്പര്‍ നെയ്യാറ്റിന്‍കര സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിക്കുകയും തുടര്‍ന്ന് ട്രെയിന്‍ 20 മിനിറ്റോളം നിര്‍ത്തിയിടുകയുമായിരുന്നു.  

എന്നാല്‍ ബൈക്കുമായി ഇവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ബൈക്കിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു. റെയില്‍വേ ട്രാക്കില്‍ ബൈക്ക് കണ്ടെത്തിയതിനെത്തുടര്‍ന്ന് അട്ടിമറി ശ്രമമാണെന്നും ആത്മഹത്യാശ്രമമാണെന്നുമുള്ള ആരോപണം ഉയര്‍ന്നിരുന്നു.