കോഴിക്കോട്: ദുരന്തങ്ങള്‍ കല്ല്യാണം മുടക്കികളാകുന്ന അനുഭവമാണ് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശികളായ പ്രേമിനും സാന്ദ്രയ്ക്കും പറയാനുള്ളത്. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്ന് പറയാറുണ്ടെങ്കിലും ഇവരുടെ കാര്യത്തില്‍ മൂന്നാം തവണയും നിരാശ മാത്രം ഫലം.   

ദീര്‍ഘകാലമായി പ്രണയത്തിലായ പ്രേമും സാന്ദ്രയും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത് 2018ലാണ്. ആ വര്‍ഷം തന്നെ മെയില്‍ ഇവരുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ കാത്തിരിപ്പിന്റെ വര്‍ഷങ്ങള്‍ ഇനിയും നീളുമെന്ന് അന്ന് അവര്‍ അറിഞ്ഞിരുന്നില്ല. 2018 മെയ് രണ്ടിനാണ് ജില്ലയില്‍ ആദ്യത്തെ നിപ സ്ഥിരീകരണമുണ്ടായത്. പ്രേമിന്റെ അമ്മാവന്‍ മെയ് 15 ന് മരിച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് മംഗളകര്‍മ്മങ്ങള്‍ നടത്തരുതെന്ന വിശ്വാസത്തിന്റെ പേരില്‍ വിവാഹം മാറ്റി വെക്കാമെന്ന് വിചാരിച്ചെങ്കിലും ചെറിയ ചടങ്ങില്‍ മാത്രം ഒതുക്കാമെന്ന് വീട്ടുകാര്‍ കൂടിയാലോചിച്ചു. ഇതിനിടെയാണ് നിപ കൂടുതല്‍ ശക്തി പ്രാപിച്ചത്. 2019ലേക്ക് വിവാഹം നീട്ടിവെക്കാമെന്ന തീരുമാനത്തില്‍ അവസാനം വീട്ടുകാര്‍ എത്തിച്ചേര്‍ന്നു.

2019ലെ ഓണനാളുകളിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത്തവണ വില്ലനായെത്തിയത് പ്രളയമായിരുന്നു. പ്രളയത്തില്‍ പ്രേമിന്റെയും സാന്ദ്രയുടെയും വിവാഹസ്വപ്‌നങ്ങളും 'ഒഴുക്കില്‍പ്പെട്ടു'. ഒക്ടോബര്‍ വരെ പ്രളയദുരിതം വിട്ടുമാറാതെ പിടിച്ചുനിന്നപ്പോള്‍ രണ്ടാം തവണയും വിവാഹം മാറ്റി വെച്ചു, 2020ലേക്ക്.

ഇത്തവണ വിവാഹം ഉറപ്പായും നടക്കുമെന്ന വിശ്വാസത്തിലായിരുന്നു പ്രേമിനും സാന്ദ്രക്കുമൊപ്പം വീട്ടുകാരും. മാര്‍ച്ച് 21-22 തീയതികളിലായി വിവാഹവും അനുബന്ധ ചടങ്ങുകളും നടത്താമെന്ന് ഉറപ്പിച്ചു. 2,000ത്തോളം വരുന്ന അതിഥികളെ വിവാഹത്തിന് ക്ഷണിച്ച് ക്ഷണക്കത്തും നല്‍കി. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ഇനി വിവാഹ വ്‌സത്രങ്ങളും വിവാഹ ദിവസം വൈകുന്നേരത്തെ പാര്‍ട്ടിയില്‍ അവതരിപ്പിക്കാനുള്ള ഡാന്‍സും പഠിച്ചാല്‍ മതിയായിരുന്നു.

മൂന്നാം തവണ വിവാഹ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയായത് കൊവിഡ് 19 വൈറസ്. ചുരുക്കം ചിലരെ മാത്രം ഉള്‍പ്പെടുത്തി വിവാഹം നടത്താമെങ്കിലും തന്റെ കുടുംബത്തിലെ ആദ്യ വിവാഹമാണിതെന്നും ആഘോഷമായി നടത്തണമെന്നുള്ളത് മാതാപിതാക്കളുടെ ആഗ്രഹമാണെന്നും സാന്ദ്ര പറയുന്നു. വളരെക്കാലമായി തുടരുന്ന തങ്ങളുടെ തീവ്ര പ്രണയത്തിന് ഇനിയും കാത്തിരിക്കാനാകുമെന്നാണ് ഇവരുടെ അഭിപ്രായം.  ഈ വര്‍ഷം സെപ്തംബറിലേക്ക് വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഇനിയൊരു വില്ലന്‍ വിവാഹം മുടക്കാന്‍ വരരുതേ എന്ന പ്രാര്‍ത്ഥനയിലാണ് പ്രേമും സാന്ദ്രയും ഇവരെ അറിയുന്നവരും.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക