പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിലെ ഭിന്നതയിൽ പ്രതികരിച്ച് മന്ത്രി കെബി ഗണേഷ്‍കുമാര്‍. ജി സുകുമാരൻ നായര്‍ പിതൃതുല്യനാണെന്നും അദ്ദേഹത്തെ ഒരിക്കലും എതിര്‍ക്കില്ലെന്നും ഇപ്പോള്‍ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു.

കൊല്ലം:പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിലെ ഭിന്നതയിൽ പ്രതികരിച്ച് മന്ത്രി കെബി ഗണേഷ്‍കുമാര്‍. ജി സുകുമാരൻ നായര്‍ പിതൃതുല്യനാണെന്നും അദ്ദേഹത്തെ ഒരിക്കലും എതിര്‍ക്കില്ലെന്നും ഇപ്പോള്‍ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. തന്‍റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ള ഒരു പായ ഇട്ടാണ് എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ ആരംഭിച്ചത്. ബാലകൃഷ്ണ പിള്ളയാണ് പത്തനാപുരം താലൂക്ക് യൂണിയൻ വളർത്തിയത്. ഇന്ന് 300 കോടിയുടെ ആസ്തിയാണ് താലൂക്ക് യൂണിയനുള്ളത്. ഈ ആസ്തി കൈക്കലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

ജനാധിപത്യ വ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെട്ടയാളാണ് താൻ. വളഞ്ഞ വഴിയിൽ അല്ല താൻ എൻഎസ്എസ് താലൂക്ക് യൂണിയന്‍റെ ഭാരവാഹിയായത്. വോട്ട് ചെയ്ത് തെരഞ്ഞെടുത്തതാണ്. ഒരു ദിവസം രാവിലെ മാറ്റിയാൽ തനിക്ക് ഒന്നുമില്ല. താൻ നായരുടെ മാത്രം ആളല്ല പൊതു സ്വത്താണ്. ജനങ്ങൾക്ക് നന്മ ചെയ്യുന്ന സാധാരണക്കാരനായ രാഷ്ട്രീയക്കാരൻ ആണ്. തനിക്ക് എല്ലാ സമുദായവും ഒരുപോലെയാണ്. മതേതര വിശ്വാസിയും സാധാരണക്കാരനുമാണ് താൻ. വെള്ളാപ്പള്ളി തന്നെ വിമർശിച്ചത് സുകുമാരൻ നായരുടെ ആളായതുകൊണ്ടാണ്. വ്യക്തി പരമായി താനുമായി യാതൊരു പ്രശ്നവുമില്ല. കഴിഞ്ഞയാഴ്ച സുകുമാരൻ നായരെ കണ്ടിരുന്നു. രാജിക്കത്ത് കൊടുക്കാൻ താൻ തയ്യാറായിരുന്നു. അതുവാങ്ങാതെ എന്തിന് പുറത്താക്കി എന്ന് മനസിലാകുന്നില്ല. 

ജി സുകുമാരൻ നായര്‍ ജീവിച്ചിരിക്കുന്നിടത്തോളം അദ്ദേഹത്തെ എതിര്‍ക്കരുതെന്ന് അച്ഛന് നൽകിയ വാക്കാണ് അത് ഞാൻ പാലിക്കും. മന്നത്ത് പത്മനാഭൻ കെട്ടിപടുത്തതാണ് എൻഎസ്എസ് എന്ന മഹാപ്രസ്താനം. താൻ ഏകാധിപതിയൊന്നുമല്ല. അത്തരത്തിൽ താൻ ഏകാധിപതിയാണെന്ന് പത്തനാപുരത്തെ ജനങ്ങള്‍ പറയില്ല. സമയം ഇല്ലാതിരുന്നിട്ടും അച്ഛന് നൽകിയ വാക്കിന്‍റെ പുറത്താണ് യൂണിയന്‍റെ ചുമതല ഏറ്റെടുത്തത്. തന്നെ പുറത്താക്കിയതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. തനിക്കെതിരെ മത്സരിക്കാൻ വരുന്ന ആളിന്‍റെ വീട്ടിൽ നിന്ന് രണ്ടുപേർ പുതിയ കമ്മിറ്റിയിലുണ്ട്. എൻഎസ്എസ് സ്ഥാനം മാറിയതുകൊണ്ട് തനിക്കെതിരെ ആരും വോട്ട് ചെയ്യില്ല. തന്നെ വോട്ട് ചെയ്ത് ജയിപ്പിക്കുന്നത് പാവപ്പെട്ട ജനങ്ങളാണ്. പത്തനാപുരത്ത് എൻഎസ്എസിനെ ആരെങ്കിലും നയിച്ചാൽ മതിയല്ലോ. തനിക്ക് ജീവിക്കാൻ ഒരു തൊഴിലുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും താൻ ഓടിളക്കി വന്നയാളല്ലെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു.

പത്മ കഫെയിൽ അഴിമതിയില്ല

പത്മ കഫെയിൽ അഴിമതിയില്ലെന്നും ഏത് കണക്കും ആർക്കും പരിശോധിക്കാമെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. കെഎസ്ആർടിസിയിൽ കോടികൾ കൈകാര്യം ചെയ്യുന്ന ആളാണ് താൻ.താൻ പണം എടുത്ത് എന്ന് പറയുന്നവർക്ക് എന്തോ പ്രശ്നമുണ്ട്. കോടിക്കണക്കിന് രൂപ കണ്ട് വളർന്നവൻ ആണ് താൻ. നക്കാപ്പിച്ച വാങ്ങിച്ച് ജീവിക്കേണ്ട ഗതി വന്നാൽ താൻ അന്ന് രാഷ്ട്രീയം അവസാനിപ്പിക്കും. ഗണേഷ് കുമാർ പൈസ എടുത്തു എന്നു പറയുന്നവന്‍റെ തലയ്ക്ക് എന്തോ അസുഖമുണ്ടെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു.

ശബരിമലയിൽ സര്‍ക്കാര്‍ തെറ്റ് തിരുത്തി

ശബരിമലയിൽ സർക്കാർ തെറ്റ് തിരുത്തിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നിലപാട് മാറ്റമല്ല. മുൻപും ഇടതുപക്ഷം തെറ്റ് തിരുത്തിയിട്ടുണ്ട്.താൻ വ്യക്തിപരമായി സ്ത്രീ പ്രവേശനത്തോട് യോജിച്ചിരുന്നില്ല. പക്ഷേ കോടതി ഉത്തരവ് വരുമ്പോൾ വ്യക്തിപരമായ താല്പര്യങ്ങൾക്ക് എന്ത് പ്രസക്തിയെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു.

YouTube video player