കേരള എക്സ്പ്രസ് ട്രെയിനിലുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍. ട്രെയിനിലിരുന്ന് പരസ്യമായി മദ്യപിച്ച് മറ്റു യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നരീതിയിൽ ഒരാള്‍ യാത്ര ചെയ്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ദമ്പതികള്‍

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരുറപ്പുമില്ലെന്ന് തെളിയിക്കുന്നതാണ് വർക്കലയിൽ പെണ്‍കുട്ടിയെ മദ്യപിച്ചെത്തിയ യാത്രക്കാരൻ തള്ളി താഴെയിട്ട സംഭവം. കേരള എക്സ്പ്രസ് ട്രെയിനിൽ സമാന അനുഭവം മുൻപും നേരിട്ടിട്ടുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. മദ്യപിച്ച് ലക്കുകെട്ട ഒരു യാത്രക്കാരൻ ശല്യം ചെയ്തത് പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന അനുഭവം പറയുകയാണ് തിരുവനന്തപുരത്തെ ദമ്പതികള്‍. 2022 ആഗസ്റ്റിലാണ് ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനായി കേരള എക്സ്പ്രസിന്‍റെ തേഡ് എസി കോച്ചിൽ കയറുന്നതെന്ന് തിരുവനന്തപുരം സ്വദേശികളായ അശോകും ഗായത്രിയും പറയുന്നു. ഞങ്ങളുടെ അതേ കോച്ചിൽ മദ്യപിച്ച് നടക്കാൻ പോലും കഴിയാത്ത ഒരാള്‍ വന്നു. താഴെ വീണുകിടന്നിരുന്നയാളെ താഴെയുള്ള ഞങ്ങളുടെ ബെര്‍ത്തിൽ കിടത്തുകയായിരുന്നു.

 പിറ്റേദിവസം ഉച്ചയ്ക്ക് എഴുന്നേറ്റശേഷം വീണ്ടും അടുത്ത കംപാര്‍ട്ട്മെന്‍റിലേക്ക് പോയി മറ്റൊരാളോടൊപ്പം മദ്യപിച്ച് ലക്കുകെട്ടാണ് ഇയാള്‍ വീണ്ടും തിരിച്ചെത്തിയത്. നടക്കാൻ പോലും കഴിയാത്ത നിലയിൽ മദ്യപിച്ച് ആളുകളുടെ മുകളിലേക്ക് വീഴുമെന്ന നിലയിലായിരുന്നു അയാള്‍ എത്തിയിരുന്നത്. ഭീതിയോടെയാണ് കേരള എക്സ്പ്രസിൽ യാത്ര ചെയ്തത്. രണ്ടു ദിവസം ഉറങ്ങിയില്ല, ബെര്‍ത്ത് ബ്ലോക്ക് ചെയ്തിരുന്ന് കൂട്ട മദ്യപാനമാണ് പിന്നീട് നടന്നത്. ടിടിയോട് പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. ട്രെയിനിൽ യാത്ര ചെയ്യുകയാണെന്ന ബോധം പോലുമില്ലാതെയാണ് മദ്യപിച്ചത്. രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് ബെര്‍ത്തിലേക്കുള്ള വഴി ബ്ലോക്ക് ചെയ്ത് കൂട്ടമായി മദ്യപിക്കുകയായിരുന്നു. പാട്ടും ഡാൻസുമൊക്കെയായി മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന നിലയിലായിരുന്നു അയാളുടെ പെരുമാറ്റം. ദേഹത്തേക്ക് വീഴുമോയെന്ന പേടിയായിരുന്നുവെന്നും ഉറങ്ങാനായില്ലെന്നും ഭീതിയോടെയാണ് തിരുവനന്തപുരം വരെ യാത്ര ചെയ്തതെന്നും ഗായത്രി പറഞ്ഞു. വര്‍ക്കലയിലാണ് ഇയാള്‍ ഇറങ്ങിയത്. പലതവണ പരാതി പറഞ്ഞപ്പോഴും ടിടിആര്‍ അടക്കമുള്ളവര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അശോക് പറഞ്ഞു.