തലശ്ശേരി: ബിജെപി പ്രവർത്തകൻ കോടിയേരി മൂഴിക്കരയിലെ എടച്ചോളി പ്രേമനെ കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ടു. തലശ്ശേരി അഡീ. സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെവിട്ടു കൊണ്ടുള്ള  വിധി പുറപ്പെടുവിച്ചത്. തലശ്ശേരി നരസഭ ചെയർമാൻ സി കെ രമേശൻ ഉൾപ്പെടെ എട്ട് സിപിഎം പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ. അതേസമയം, കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷനുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഗൂഢാലോചനയുണ്ടെന്നും ബിജെപി ആരോപിച്ചു.

2005 ഒക്ടോബർ 13-ന് രാവിലെ 11 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടിയേരി മൂഴിക്കരയിൽ സ്റ്റേഷനറിക്കടയിലെ കോയിൻ ബൂത്തിൽനിന്ന് ഫോൺചെയ്യുകയായിരുന്ന പ്രേമനെ പ്രതികൾ രാഷ്ട്രീയവിരോധം മൂലം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ പ്രേമൻ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. 

തലശ്ശേരി നഗരസഭാ ചെയർമാൻ കാരാൽ തെരുവിലെ കുനിയിൽ സി കെ രമേശൻ, സിപിഎം പ്രവർത്തകരും കോടിയേരി സ്വദേശികളുമായ കെ അഭി എന്ന അഭിനേഷ്, വി പി ഷൈജേഷ്, കനിയിൽ പി മനോജ്, കാട്ടിന്റവിട ചാത്തമ്പള്ളി വിനോദ്, തയ്യിൽ വട്ടക്കണ്ടി സജീവൻ, വട്ടക്കണ്ടി റിഗേഷ്, കുനിയിൽ ചന്ദ്രശേഖരൻ എന്നിവരായിരുന്നു പ്രതികൾ.