തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് ജാമ്യം നൽകിയ കോടതി ഉത്തരവ് പുറത്ത്. കേസിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ എണ്ണിപ്പറയുന്നതാണ് ഉത്തരവ്. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനമോടിച്ചു എന്ന് തെളിയിക്കുന്നതിനുള്ള ഒരു രേഖയും അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചില്ലെന്ന് ഉത്തരവിൽ പറയുന്നു.

അപകടത്തിന് ശേഷം ശ്രീറാമിന്റെ രക്ത പരിശോധന പോയിട്ട് ബ്രത്ത് അനലൈസർ പരിശോധന പോലും നടത്തിയില്ല. എന്നിട്ടും പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന 304-ാം വകുപ്പ്  എങ്ങനെ ചുമത്തിയെന്ന് കോടതി ഉത്തരവിൽ ചോദിച്ചു. കേരള വിടരുത്, 35,00 രൂപയുടെ രണ്ട് ആൾജാമ്യം എന്നീ ജാമ്യവ്യവസ്ഥയോടുകൂടിയാണ് ശ്രീറാമിന് കോടതി ജാമ്യം അനുവദിച്ചത്. ഇതുകൂടാതെ, അന്വേഷണ ഉദ്യോഗസ്ഥനമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ശ്രീറാം വെങ്കിട്ടരാമന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

കേസിൽ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇങ്ങനെയൊരു കൃത്യം ചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി ഇക്കാര്യം പരിഗണിച്ചിരുന്നില്ല. മദ്യപിച്ചു വാഹനമോടിച്ചുവെന്ന രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും സാക്ഷിമൊഴികള്‍ മാത്രം ഹാജരാക്കിയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം സ്ഥാപിച്ചെടുക്കുന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി തെളിവില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വാദത്തിനിടെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദവും ജാമ്യം ലഭിക്കുന്നതില്‍ നിര്‍ണായകമായി. വാഹനാപകടത്തെക്കുറിച്ച് മ്യൂസിയം പൊലീസ് തയ്യാറാക്കിയ കേസ് ഡയറിയും കോടതി വാദത്തിനിടെ പരിശോധിച്ചു. നേരത്തെ അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ഭാഗങ്ങള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കോടതി ശ്രീറാമിന് ജാമ്യം അനുവദിച്ചത്.

കേസില്‍ കോടതി നേരത്തെ റിമാന്‍ഡ്  ചെയ്ത ശ്രീറാം ഇപ്പോള്‍ തിരുവനന്തപും മെഡിക്കൽ കോളേജിലെ ട്രോമാ കെയര്‍ സെല്ലിലാണ്  കഴിയുന്നത്. ജാമ്യം കിട്ടിയതോടെ അദ്ദേഹത്തിന് ആശുപത്രി വിടാനും തിരിച്ച് കിംസ് ആശുപത്രിയിലേക്ക് പോകാനും സാധിക്കും. കേസില്‍ പ്രതിയായി റിമാന്‍ഡിലായതോടെ ശ്രീറാമിനെ നേരത്തെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു കെഎം ബഷീറിനെ അപടകത്തിൽ കൊല്ലപ്പെട്ടത്.